| Saturday, 8th February 2020, 7:58 pm

പൗരത്വ നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ചതിന് യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ച ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്ത് ഊബര്‍; ആദരിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ചതിന് യാത്രക്കാരനെ പൊലീസിലേല്‍പ്പിച്ച കാര്‍ ഡ്രൈവറെ ഊബര്‍ സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാരനെ പൊലീസിന് പിടിച്ചു കൊടുത്തതിനാണ് ഡ്രൈവറെ ഊബര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ബുധനാഴ്ച രാത്രി മുംബൈയിലാണ് കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്‍ക്കാറിനെ ഡ്രൈവര്‍ പൊലീസിലേല്‍പ്പിച്ചത്. ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച കാര്‍ ഡ്രൈവര്‍ തനിക്ക് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തി പുറത്തിറങ്ങി പൊലീസുമായി തിരിച്ചു വരുകയായിരുന്നെന്ന് സര്‍ക്കാര്‍ പറഞ്ഞു.

പൊലീസിനേല്‍പ്പിച്ചതില്‍ ബി.ജെ.പിയുടെ മുംബൈ യൂണിറ്റ് ഡ്രൈവര്‍ക്ക് അലേര്‍ട്ട് സിറ്റിസണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് യാത്രക്കാരന്റെയും ഡ്രൈവര്‍ രോഹിത് സിങ് ഗൗറിന്റെയും മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചിട്ടില്ല.

‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നാരോപിച്ച് രോഹിത് ഗൗര്‍ യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഞങ്ങള്‍ രോഹിതിനെ സാന്റാക്രൂസിലേക്ക് വിളിച്ചു വരുത്തുകയും അദ്ദേഹത്തിന് അലേര്‍ട്ട് സിറ്റിസണ്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയുമായിരുന്നു,’ ബി.ജെ.പി മുംബൈ യൂണിറ്റ് പ്രസിഡന്റ് മംഗള്‍ പ്രഭാത് ലോധ ട്വിറ്ററില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ കയ്യിലുണ്ടായിരുന്ന സംഗീത ഉപകരണം എന്തിന് കയ്യില്‍വെച്ചെന്ന് പൊലീസ് ചോദിച്ചിരുന്നതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു. താന്‍ ജയ്പൂരില്‍ നിന്ന് വന്നതാണെന്നും പൗരത്വഭേദഗതിക്കെതിരെ നടന്ന ‘മുംബൈ ബാഗില്‍’ പങ്കെടുത്തിരുന്നെന്നും പറഞ്ഞു. ഊബര്‍ ഡ്രൈവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിരന്തരം ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ പറഞ്ഞു.

‘ഞാന്‍ കമ്മ്യൂണിസ്റ്റാണെന്നും രാജ്യത്തെ കത്തിക്കുന്നതിനെക്കുറിച്ചും മുംബൈയില്‍ ഒരു ഷഹീന്‍ബാഗ് സൃഷ്ടിക്കുന്നതിനെക്കുറിച്ചുമാണ് ഞാന്‍ സംസാരിക്കുന്നുണ്ടായിരുന്നതെന്നും ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു”, സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞു.

തന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ആരുടെയൊക്ക പുസ്തകങ്ങളാണ് വായിച്ചിട്ടുള്ളതെന്നും പൊലീസ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more