| Thursday, 27th October 2016, 6:26 pm

ശംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയത് പരിശോധിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ഗീയ പ്രസംഗം നടത്തിയതിന് മതപ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.പി.എ ചുമത്തുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


തിരുവനന്തപുരം:   വര്‍ഗീയ പ്രസംഗം നടത്തിയതിന് മതപ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.പി.എ ചുമത്തുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പൊലീസ് യു.എപി.എ കേസ് എടുക്കാറില്ലെന്നും ഐ.പി.സി പ്രകാരമാണ് കേസെടുക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ചില കേസുകളില്‍ യു.എ.പി.എ പ്രകാരം എന്‍.ഐ.എ കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

  പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

ശംസുദ്ദീന്‍ പാലത്തിനെതിരെ ആദ്യം ഐ.പി.സി 153ാം വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം യു.എ.പി.എയും ചുമത്തി. ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂറിന്റെ പരാതിയിലായിരുന്നു കേസ്.
വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികലയ്ക്കും സംഘപരിവാര്‍ സഹയാത്രികന്‍ ഗോപാലകൃഷ്ണനുമെതിരെയും  153 എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.

അതേ സമയം ശശികലയ്‌ക്കെതിരെയും ഗോപാലകൃഷ്ണനുമെതിരെയും യു.എ.പി.എ ചുമത്താതിരുന്നത് സോഷ്യല്‍മീഡിയയില്‍ വന്‍വിവാദത്തിന് ഇടയായിരുന്നു. മുസ്‌ലിം സമുദായത്തിലെയും മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയും യു.എ.പി.എ ചുമത്തിയപ്പോള്‍ ഇടപെടാതിരിക്കുകയും ശംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ മാത്രം ലീഗ് വിഷയത്തില്‍ ഇടപെട്ടതും വിവാദമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more