| Friday, 23rd June 2017, 11:03 am

കള്ളനോട്ട് കേസില്‍ പിടിയിലായ ബി.ജെ.പി പ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കള്ളനോട്ട് കേസില്‍ പിടിയിലായ ബി.ജെ.പി പ്രവര്‍ത്തകന്‍ ഏരാശേരി രാകേഷിനെതിരെ യു.എ.പി.എ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഡി.ജി.പിക്ക് കത്തുനല്‍കി.

പ്രതികള്‍ക്ക് ബി.ജെ.പിയിലെ ഉന്നത നേതാക്കളുമായി ബന്ധമുള്ളതിനാല്‍ കേസ് ഉന്നത ഉദ്യോഗസ്ഥന്‍ കൈമാറണമെന്നും യൂത്ത് കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെടുന്നു.

ബി.ജെ.പി എസ്.എന്‍ പുരം ബൂത്ത് പ്രസിഡന്റാണ് അറസ്റ്റിലായ രാകേഷ്. കഴിഞ്ഞദിവസമാണ് പൊലീസ് ഇയാളുടെ വീട് റെയ്ഡ് ചെയ്തതും കള്ളനോട്ടുകള്‍ പിടിച്ചെടുത്തതും.


Don”t Miss: ശ്രീനഗറിലെ ജാമിയ മസ്ജിദിനു മുമ്പില്‍ ജനക്കൂട്ടം പൊലീസ് ഓഫീസറെ തല്ലിക്കൊന്നു: പ്രകോപിതരായത് ഓഫീസര്‍ വെടിയുതിര്‍ത്തതോടെ


10 പേരെയാണ് ഇതുവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മേയ് എട്ടിനാണ് 500 രൂപയുടെ 77 കള്ളനോട്ടുകളുമായി നെടുങ്കണ്ടം തുണ്ടിയില്‍ വീട്ടില്‍ ജോജോ ജോസഫും ഭാര്യ അനുപമയും വണ്ടിപ്പെരിയാറില്‍ പിടിയിലാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്കു പിന്നില്‍ വലിയ കള്ളനോട്ട് സംഘമുണ്ടെന്ന് തെളിയുന്നത്.

ഇവരുടെ എറണാകുളത്തെ ഫ്‌ലാറ്റില്‍നിന്ന് 4.07 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജോജോയുടെ പേരില്‍ യു.എ.പി.എ. ചുമത്തുകയും കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്‍.ഐ.എ. ഉള്‍പ്പടെയുള്ള ഏജന്‍സികളും അന്വേഷണത്തില്‍ ഭാഗമായി. മേയ് 21ന് ഇവരുടെ കൂട്ടുപ്രതികളായ തമിഴ്‌നാട് സ്വദേശികലായ അയ്യരുദാസ്, ഷണ്‍മുഖസുന്ദരം എന്നിവര്‍ അറസ്റ്റിലായിരുന്നു.

We use cookies to give you the best possible experience. Learn more