| Sunday, 3rd November 2019, 2:08 pm

'ലഘുലേഖ പിടിച്ചത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ല'; പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും തള്ളി യു.എ.പി.എ അദ്ധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഘുലേഖ പിടിച്ചത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ലെന്ന് യു.എ.പി.എ അദ്ധ്യക്ഷന്‍ റിട്ട. ജസ്റ്റിസ്. പി.എസ് ഗോപിനാഥന്‍. മാവോയിസ്റ്റാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെത്ിരെ യു.എ.പി.എ ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരിച്ചത്.

ലഘുലേഖ പിടിച്ചത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ല, വ്യക്തമായ തെളിവ് വേണം. സംഘടനയില്‍ അംഗമായിരുന്നു എന്ന് തെളിയിക്കണം. യു.എ.പി.എ ചുമത്തിയ കേസുകളില്‍ ഭൂരിഭാഗം കേസുകളിലും തെളിവില്ല. പന്തീരാങ്കാവ് കേസില്‍ തെളിവുണ്ടെങ്കില്‍ മാത്രമേ പ്രോസിക്യൂഷന് അനുമതി നല്‍കുകയുള്ളെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് യു.എ.പി.എ സമിതി രൂപീകരിച്ചത്. നാലംഗങ്ങളാണ് ഈ സമിതിയില്‍ ഉള്ളത്. 13 കേസുകളാണ് ഈ സമിതിക്ക് മുന്‍പേ ഇത് വരെ വന്നത്. അതില്‍ ഏഴോളം കേസുകളില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല.

അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ നഗരമാവോയിസ്റ്റുകളെന്ന് പൊലീസ് പറഞ്ഞിരുന്നു. കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലീസ് പറഞ്ഞു. ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അറസ്റ്റിനെ ന്യായീകരിച്ച് പൊലീസ് രംഗത്ത് എത്തിയത്.

അതിനിടെ അലന് നിയമസഹായം നല്‍കാന്‍ സി.പി.ഐ.എം തീരുമാനിച്ചു. സിപി.ഐ.എം പന്നിയങ്കര ലോക്കല്‍ കമ്മറ്റിയുടേതാണ് തീരുമാനം. യു.എ.പി.എ ചുമത്തിയതില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സി.പി.ഐ.എം നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്.

യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.

ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more