|

ദേശസുരക്ഷയെ ബാധിക്കും; യു.എ.പി.എ കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ യു.എ.പി.എ കേസുകളുടെ വിവരങ്ങള്‍ നിയമസഭയെ അറിയിക്കാതെ സര്‍ക്കാര്‍. ആര്‍.എം.പി എം.എല്‍.എ കെ.കെ. രമയുടെ ചോദ്യങ്ങള്‍ക്ക് വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.

ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസായതിനാലാണ് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരെയാണ് യു.എ.പി.എ നിയമപ്രകാരം കേസെടുത്തിട്ടുള്ളതെന്നും ഇവരുടെ പേരുവിവരങ്ങളും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും നല്‍കണമെന്ന് രമ ആവശ്യപ്പെട്ടു.

നിലവില്‍ സംസ്ഥാനത്ത് യു.എ.പി.എ കേസുകളില്‍പ്പെട്ട് വിചാരണ തടവുകാരായി എത്ര പേര്‍ കഴിയുന്നുവെന്നും ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ എന്നിവയും രമ ചോദിച്ചു.

ഇവര്‍ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി എത്രയാണെന്നും നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളിലൂടെ രമ ആരാഞ്ഞു.

എന്നാല്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങള്‍ നല്‍കുവാന്‍ കഴിയില്ലെന്നാണ് ഈ മൂന്ന് ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടതും പിന്‍വലിക്കപ്പെട്ടതുമായി കേസുകളുടെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു കേസില്‍ ശിക്ഷ വിധിച്ചുവെന്നും നാല് കേസ് പിന്‍വലിച്ചുവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

വണ്ടിപ്പെരിയാര്‍, നോര്‍ത്ത് പറവൂര്‍, നടക്കാവ്, കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനുകളില്‍ ചുമത്തിയ കേസുകളാണ് പിന്‍വലിച്ചത്.

യു.എ.പി.എ കേസുകളില്‍ സി.പി.ഐ.എമ്മിന്റെ ദേശീയ നിലപാടിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UAPA Case KK Rama Pinaray Vijayan

Latest Stories