കോഴിക്കോട്: യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് സ്റ്റേഷനില്‍ ഉന്നതതല യോഗം ചേര്‍ന്നു. കമ്മീഷണര്‍ സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് പ്രതികളില്‍ ഒരാളെ അഞ്ച് വര്‍ഷമായി നിരീക്ഷിക്കുന്നതായി പൊലീസ് പറയുന്നു.
മെമ്മറി കാര്‍ഡ്, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടെന്നും ഇത് പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടിയെന്നും പൊലീസ് അറിയിച്ചു. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കില്ല എന്നാണ് സൂചന.
അറസ്റ്റിലായ രണ്ട് പേര്‍ക്കും മാവോയിസ്റ്റ് പ്രസ്ഥാനവുമായിഅടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടി സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവര്‍ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും പൊലീസ് ആരോപിക്കുന്നു.
പിടിയിലായത് നഗരത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയവരാണെന്നാണ് പൊലീസിന്റെ വിശദീകരണം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവര്‍ പ്രവര്‍ത്തിച്ചു. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ പേരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.