യു.എ.പി.എ കേസില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കി; രൂപസാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചെന്ന് പൊലീസ്
Kerala News
യു.എ.പി.എ കേസില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കി; രൂപസാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st May 2018, 3:41 pm

കൊച്ചി: യു.എ.പി.എ കേസില്‍ നദീറിന്റെ പേര് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി പൊലീസ്. ആറളം കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കിയ വിവരമുള്ളത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണ് തന്റെ പേര് വരാന്‍ കാരണമെന്ന് നദീര്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും വിവരാവകാശ പ്രകാരം പൊലീസില്‍ നിന്ന് മറുപടി ലഭിച്ചതായി നദീര്‍ തന്നെയാണ് അറിയിച്ചത്.

ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്തെന്നായിരുന്നു കേസ്. ഇതിനെതിരെ 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തി വരികയായിരുന്നു നദീര്‍.

സത്യം ജയിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടു തന്നെയാണ് 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ ഞാന്‍ കൊടുത്ത കേസുമായി ഇത്രയും കാലം തളരാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. UAPA ഉള്‍പ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞാല്‍ ആ വ്യക്തി തന്നെയാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന ഊരാക്കുടുക്ക് തിരിച്ചറിഞ്ഞത് മുതല്‍ നടക്കാന്‍ തുടങ്ങിയതാണ്. അന്വേഷണം നടക്കുമ്പോള്‍ അറസ്റ്റ് ഉണ്ടാകാന്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവും മൂന്നുമാസത്തിനുള്ളില്‍ എന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയല്ലെങ്കില്‍ എന്നെ വെറുതെ വിടണം എന്ന 2018 ഫെബ്രുവരി 5-ലെ ജസ്റ്റിസ് കമാല്‍ പാഷ ബെഞ്ചിന്റെ ജഡ്ജ്മെന്റും കേസില്‍ സുപ്രധാന വഴിത്തിരിവായതായി നദീര്‍ പറഞ്ഞു.

നദീറിനെതിരായ കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷയാണ് ഫെബ്രുവരിയില്‍ മൂന്നുമാസത്തെ കാലയളവിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിരുന്നത്.

കേസ് നീട്ടിക്കൊണ്ടുപോകുന്ന പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതി തീരുമാനം അറിയിച്ചത്. ” അദ്ദേഹത്തിനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കി നിയമപരമായി മേല്‍നടപടി സ്വീകരിക്കൂ. ഇല്ലെങ്കില്‍ അദ്ദേഹത്തെ വെറുതെ വിടൂ. ഇതൊരു യുവാവിന്റെ ജീവിതത്തെ ബാധിക്കുന്ന വിഷയമാണ്. ഇതിനൊരു അന്ത്യമുണ്ടായേ തീരൂ.” എന്നാണ് കോടതി അറിയിച്ചിരുന്നത്.

“ഡെമോക്ലസിന്റെ ഒരു വാള്‍ തലക്ക് മുകളിലിട്ട് എത്ര കാലമായി, ഈ യുവാവ് നടക്കുന്നു. ഇതിനൊരു അവസാനം വേണ്ടേ?”യെന്നും കോടതി ചോദിച്ചിരുന്നു.

നദിയ്ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രസമയം വേണ്ടിവരുമെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നുമാസത്തെ സമയം കോടതി അനുവദിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസെടുത്ത പൊലീസ് നടപടിയ്ക്കെതിരെ നദീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.