ദിസ്പൂര്‍: അഫ്ഗാന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ താലിബാനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ട 14 പേര്‍ക്ക് ജാമ്യം. 16 പേരെയാണ് ഇത്തരത്തില്‍ അസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
അറസ്റ്റിലായ ഭൂരിഭാഗം പേരുടെയും മേല്‍ യു.എ.പി.എ ചുമത്തിയിരുന്നു. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അറസ്റ്റിലായവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആയതിനാല്‍ ഇവരിനി ജയിലില്‍ തുടരേണ്ട കാര്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായ 2 പേര്‍ക്കൊഴികെ എല്ലാവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസില്‍ അടുത്ത വാദം ഒക്ടോബര്‍ 22നാണെന്നും അന്ന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവരുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റിലായവരില്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും അധ്യാപകരും വിദ്യാര്‍ത്ഥികളും ഓട്ടോ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു.
ആഗസ്റ്റ് 21, 22 തീയ്യതികളിലായിട്ടാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. ‘മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഞങ്ങളോട് പറഞ്ഞിരുന്നത് പക്ഷാപാതമോ പേടിയോ കൂടാതെ നടപടിയെടുക്കാനാണ്. അതിനനുസരിച്ചാണ് നടപടികള്‍ കൈക്കൊണ്ടത്,’ അസം സ്‌പെഷ്യല്‍ ഡി.ജി.പി ജി. പി. സിംഗ് പറഞ്ഞു.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘അതെല്ലാം കോടതിയുടെ പ്രത്യേക അധികാരത്തിനുള്ളില്‍ വരുന്നതാണ്,’ എന്നാണ് ജി. പി. സിംഗ് പ്രതികരിച്ചത്.