തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ റിപ്പോര്‍ട്ട്. അതേസമയം സാമൂഹ്യ പ്രവര്‍ത്തകനായ നദീറിനെതിരെ ചുമത്തിയ യു.എ.പി.എ പിന്‍വലിച്ചിട്ടില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി.
ആറളം ഫാമില്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന കേസിലാണ് സാമൂഹ്യ പ്രവര്‍ത്തകനായ നദീറിനെതിരെ യു.എ.പി.എ ചുമത്തിയത്. കേസിലെ നാലാം കുറ്റാരോപിതനാണ് നദീര്‍.
2016 മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശ വാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നാണ് കേസ്. മാര്‍ച്ച് 16 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ നദീര്‍ കുറ്റാരോപിതരുടെ പട്ടികയിലുണ്ടായിരുന്നില്ല.
2016 ഡിസംബര്‍ 19 നായിരുന്നു നദീറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് വിവാദമായതോടെ നദീറിനെ വിട്ടയക്കുകയായിരുന്നു. നദീറിനെതിരെ തെളിവുകളൊന്നുമില്ലെന്ന് ബഹ്‌റ അന്ന് പറഞ്ഞിരുന്നു.
പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പി നേതൃത്വത്തിലുള്ള പരിശോധനാ സമിതി കണ്ടെത്തി. 2012 മുതല്‍ യു.എ.പി.എ ചുമത്തപ്പെട്ട 162 കേസുകളാണ് സമിതി പരിശോധിച്ചത്.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ചെയ്തവര്‍ക്കും സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്കും മനുഷ്യാവകാശസാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെയെല്ലാം യു.എ.പി.എ ചുമത്തപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ഡി.ജി.പി പരിശോധിച്ച് യു.എ.പി.എ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ 42 കേസുകളില്‍ കോടതിയില്‍ വകുപ്പ് ഒഴിവാക്കാന്‍ റിപ്പോര്‍ട്ട് നല്‍കും. ഇതില്‍ എഴുത്തുകാരനായ കമല്‍ സി ചാവറയ്‌ക്കെതിരെ ചുമത്തിയ യു.എ.പി.എ, രാജ്യദ്രോഹ കേസുകള്‍ നിലനില്‍ക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ ഒട്ടിച്ച പോരാട്ടം പ്രവര്‍ത്തകര്‍, എഴുത്തുകാരന്‍ കമല്‍സി ചവറ, സാമൂഹിക പ്രവര്‍ത്തകന്‍ നദീര്‍, കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ ആക്രമിച്ച കേസിലെ പ്രതികള്‍ എന്നിവര്‍ക്കെതിരെയെല്ലാം യു.എ.പി.എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതികള്‍ക്ക് ആക്ഷേപങ്ങള്‍ ഉന്നയിക്കാനുളള അവസരവും നല്‍കുമെന്നും നേരത്തെ ഡി.ജി.പി പറഞ്ഞിരുന്നു.
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായിരുന്നു.
യു.എ.പി.എ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഒരു കേസിലും യുഎപിഎ ചുമത്തരുതെന്നു ഡിജിപിയും പൊലീസ് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു.