കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യു.എ.പി.എ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു.
എത്രയും വേഗം ഇതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എം.പി. പ്രിയമോള്‍ അഡ്വ. ജനറലിന് കത്ത് നല്‍കി. ഇതിന് പിന്നാലെ ഹരജി പിന്‍വലിക്കാന്‍ സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന് അഡ്വ. ജനറല്‍ ഓഫിസില്‍ നിന്ന് നിര്‍ദേശവും നല്‍കി.
സുപ്രീം കോടതിയില്‍ കേസ് വീണ്ടും പരിഗണനക്കെത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയില്‍ ഉന്നയിക്കും. അഡ്വ. ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തുടങ്ങിയവര്‍ നല്‍കിയ നിയമോപദേശത്തിന്റെയും സര്‍ക്കാര്‍ നടപടിക്കെതിരെ ഉയര്‍ന്നുവന്ന പൊതുവികാരത്തിന്റെയും അടിസ്ഥാനത്തിലാണ് അടിയന്തര നീക്കം നടന്നത്.
അതേസമയം, യു.എ.പി.എ പോലുള്ള കുറ്റങ്ങള്‍ ചുമത്തി നിരപരാധികളെ ജയിലടക്കുന്നതിനെതിരെ പോരാടുന്ന സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം സ്വന്തം സര്‍ക്കാര്‍ തന്നെ നിയമം അടിച്ചേല്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന നടപടി ശരിയല്ലെന്ന തരത്തില്‍ വിഷയത്തിലുള്ള എതിര്‍പ്പ് സി.പി.ഐ.എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതും പുതിയ നീക്കത്തിന് കാരണമാണ്. സര്‍ക്കാര്‍ ചെയ്യുന്ന ഇത്തരം നടപടികള്‍ കൊണ്ടുണ്ടാകുന്ന ഭവിഷത്തുകള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാനത്തെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹരജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഹരജി സുപ്രീം കോടതി അനുവദിച്ചാല്‍, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളിലെ വീഴ്ചമൂലം റദ്ദാക്കപ്പെട്ട യു.എ.പി.എ കേസുകള്‍ കോടതി മുഖേന ദേശവ്യാപകമായി പുനഃസ്ഥാപിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. നിരപരാധികളടക്കം ഇതിന്റെ ഇരയാകാനുള്ള സാധ്യതയേറും. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാകും ഇതിനെല്ലാം കാരണക്കാരായി പ്രതിക്കൂട്ടിലാകുക. ഈ തിരിച്ചറിവാണ് ഇപ്പോള്‍ ഹരജി പിന്‍വലിക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിനില്‍ക്കുന്നത്.
കുറ്റ്യാടി, വളയം സ്റ്റേഷനുകളിലെ മൂന്ന് കേസില്‍ രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
മാരകായുധങ്ങളുമായി മാവോവാദി ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന കേസുകളാണ് രൂപേഷിനെതിരെയുള്ളത്. രൂപേഷിന്റെ കേസില്‍ തീരുമാനമെടുക്കാന്‍ നാല് മുതല്‍ ആറ് മാസം വരെ സമയമെടുത്തെന്ന് കണ്ടെത്തിയാണ് യു.എ.പി.എ ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയും ചെയ്തു.