| Thursday, 18th February 2021, 9:34 am

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി. ഫിറോസ് ഖാന്‍, അന്‍ഷാദ് ബദ്‌റുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് യു.എ.പി.എ അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.

ഫിറോസ് ബോംബ് നിര്‍മാണത്തിന് പരിശീലനം നല്‍കുന്നയാളാണെന്നും അന്‍ഷാദ് ഹിറ്റ് സ്‌ക്വാഡ് തലവനാണെന്നുമാണ് പൊലീസ് പറയുന്നത്.

ഉത്തര്‍പ്രദേശില്‍ സ്‌ഫോടനം നടത്തുന്നതിന് തയ്യാറായി എത്തിയതാണ് ഇവരെന്നും ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നുമാണ് പൊലീസ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

യു.എ.പി.എയ്ക്ക് പുറമെ ആയുധം, സ്‌ഫോടക വസ്തുക്കള്‍ കൈവശം വെയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ കൂട്ടാളികള്‍ക്ക് വിതരണം ചെയ്‌തെന്നും പൊലീസ് പറയുന്നു.

അതേസമയം ഇവര്‍ക്ക് ഭീകര പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസിറുദ്ദീന്‍ എളമരം പറഞ്ഞിരുന്നു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സംഘടനാ വ്യാപനത്തിന്റെ ഭാഗമായാണ് ഇവര്‍ എത്തിയത്.

ഭീകരാക്രമണം എന്ന പരിഹാസ്യമായ കെട്ടുകഥ ചമച്ചാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 11ന് പുലര്‍ച്ചെ 5.40ന് ബീഹാറിലെ കത്തിഹാറില്‍ നിന്നും മുംബൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറിയ ഇവരെ അന്ന് വൈകിട്ടാണ് കുടുംബങ്ങള്‍ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. അതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ഫെബ്രുവരി 15ന് അന്‍ഷാദിന്റെയും 16ന് ഫിറോസിന്റെയും കുടുംബം കേരള പൊലീസിന് പ്രാദേശിക സ്റ്റേഷനുകളില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഈ പരാതി സമര്‍പ്പിച്ചതിന് ശേഷമാണ് യു. പി പൊലീസ് സ്പെഷ്യല്‍ പൊലീസ് ടാസ്‌ക് തിടുക്കത്തില്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ച് അവരെ അറസ്റ്റ് ചെയ്തതിന് കാരണമായി ഭാവനയില്‍ വിരിഞ്ഞ ഭീകരാക്രമണ കള്ളക്കഥ അവതരിപ്പിച്ചതെന്നും നാസിറുദ്ദീന്‍ പറഞ്ഞിരുന്നു.

ഫെബ്രുവരി 16നാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യു.പിയിലെ എസ്.ടി.എഫ് അറസ്റ്റ് ചെയ്തതായി യു. പി പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UAPA against malayalee popular front workers arrested in UP

We use cookies to give you the best possible experience. Learn more