| Thursday, 4th November 2021, 1:31 pm

മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള വി.എച്ച്.പി ആക്രമണത്തില്‍ പൊലീസ് നിഷ്‌ക്രിയമെന്ന് റിപ്പോര്‍ട്ട്; പിന്നാലെ, വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകര്‍ക്കെതിരെ യു.എ.പി.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ ത്രിപുരയില്‍ നടന്ന ആക്രമണത്തില് പൊലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപിച്ച രണ്ട് അഭിഭാഷകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി.

സംഭവത്തില്‍ വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകര്‍ക്കെതിരെയാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പി.യു.സി.എല്‍) ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ മുകേഷ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍സിന്റെ (എന്‍.സി.എച്ച്.ആര്‍.ഒ) അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറി എന്നിവര്‍ക്കെതിരെയാണ് ത്രിപുര പൊലീസ് കേസെടുത്തത്.

ഇരുവരും ത്രിപുരയില്‍ വസ്തുതാന്വേഷണത്തിന് എത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു. 153എ, ബി, 469, 503 , ഐ.പി.സിയിലെ 504, 120 ബി എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്.

അക്രമം തടയാന്‍ ത്രിപുര സര്‍ക്കാരും സംസ്ഥാന പൊലീസും സമയബന്ധിതമായി നടപടിയെടുത്തില്ലെന്നും അക്രമത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് തുല്യമാണെന്നും അഭിഭാഷകര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതിന് പിന്നാലെയാണ് നവംബര്‍ 10നകം വെസ്റ്റ് അഗര്‍ത്തല പൊലിസ് സ്റ്റേഷനില്‍ ഹാജരാവാനും സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ ‘കെട്ടിച്ചമച്ചതും തെറ്റായതുമായ’ പ്രസ്താവനകള്‍ നീക്കം ചെയ്യണമെന്നും അറിയിച്ച് അഭിഭാഷകര്‍ക്ക് നോട്ടrസ് ലഭിച്ചത്.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 26ന് നടന്ന വി.എച്ച്.പി റാലിക്കിടെ പാനിസാഗര്‍ ടൗണില്‍ മുസ്‌ലിം പള്ളി തകര്‍ക്കുകയും കടകളും വീടുകളും ആക്രമിക്കുകയും കത്തിക്കുകയും ചെയ്തതോടെയാണ് ത്രിപുരയില്‍ അക്രമം ആരംഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: UAPA against 2 lawyers who accused Tripura Police of inaction in violence ‘targeting Muslims’

Latest Stories

We use cookies to give you the best possible experience. Learn more