കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും റിമാന്‍ഡ് ചെയ്തു. 14ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം അംഗങ്ങളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിട്ടയിരുന്നു. ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസലും സി.പി.ഐ.എം പ്രവര്‍ത്തകനാണ്.
പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ചതാണ് ഇരുവര്‍ക്കുമെതിരായ കേസിനാധാരം. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയോട് നേരത്തെ വിശദീകരണം തേടിയിരുന്നു.
തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്ന് കോഴിക്കോട് അറസ്റ്റിലായ അലനും താഹ ഫസലും പ്രതികരിച്ചിരുന്നു.
തന്റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നും ഒരു നോട്ടീസ് കൈയിലുണ്ടെന്ന പേരിലാണ് പൊലീസ് അവനെ അറസ്റ്റ് ചെയ്തതെന്നും അലന്റെ അമ്മ സബിത ശുഹൈബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ