| Friday, 25th October 2024, 9:22 pm

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യു.എ.ഇ; ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് തടവും 45 ലക്ഷം രൂപ വരെ പിഴയും ചുമത്തിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: റോഡിലെ നിയമലംഘനങ്ങള്‍ക്ക് അറുതി വരുത്താന്‍ പുതിയ ഗതാഗത നിയമങ്ങള്‍ ആവിഷ്‌ക്കരിച്ച് യു.എ.ഇ. ഇന്ന് (വെള്ളിയാഴ്ച്ച്) മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 200,000 ദിര്‍ഹം വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. അതായത് ഏകദേശം 45,78,314 രൂപ. ഇവയ്ക്ക് പുറമെ പല കുറ്റങ്ങള്‍ക്കും കഠിനമായ ശിക്ഷകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡിക്രി നിയമ പ്രകാരം ക്യാബിനറ്റ് തീരുമാനിച്ച പിഴത്തുകയും ശിക്ഷയുമാണ് പുതിയ പ്രമേയത്തിലൂടെ വന്ന നിയമങ്ങള്‍ വഴി നടപ്പിലാക്കുക.

നിയമപ്രകാരം അടയാളപ്പെടുത്തിയ സ്ഥലങ്ങളിലൂടെയല്ലാതെ മറ്റ് മേഖലകളിലൂടെ റോഡ് മുറിച്ച് കടക്കുന്നതും ഇത് വഴി അപകടം ഉണ്ടാകുകയും ചെയ്താല്‍ 5,000 ദിര്‍ഹത്തില്‍ കുറയാത്തതും (1,14,457 രൂപ) പിഴയും 10,000 ദിര്‍ഹത്തില്‍ കൂടാത്തതും (2,28,915 രൂപ) ആയ തുക പിഴയായി അടയ്‌ക്കേണ്ടി വരും.

മദ്യം പോലുള്ള ലഹരി പാനീയങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ 20,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ (22,89,157 രൂപ) പിഴയും അല്ലെങ്കില്‍ തടവും പിഴയും ലഭിക്കും.

മയക്കുമരുന്ന് പോലുള്ള സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ 30,000 ദിര്‍ഹം (6,86,747 രൂപ) മുതല്‍ ദിര്‍ഹം 200,000 വരെ തടവും പിഴയും അല്ലെങ്കില്‍ രണ്ടും ലഭിക്കും.

അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അതിനെപ്പറ്റി വിവരങ്ങള്‍ നല്‍കാന്‍ മടിച്ചാലും
ഒരു വര്‍ഷം വരെ തടവും 50,000 ദിര്‍ഹത്തിനും 100,000 ദിര്‍ഹത്തിനും ഇടയില്‍ പിഴയും ലഭിക്കും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ലഭിക്കും.

സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സുമായി വാഹനം ഓടിച്ചാല്‍ മൂന്ന് മാസം വരെ തടവും കുറഞ്ഞത് 10,000 ദിര്‍ഹം പിഴയും ലഭിക്കും. അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ലഭിക്കും.

അശ്രദ്ധമൂലം അപകടമുണ്ടായി മരണം സംഭവിച്ചാല്‍ 50,000 ദിര്‍ഹം (11,44,578 രൂപ) വരെ പിഴയും അല്ലെങ്കില്‍ തടവും പിഴയും ലഭിക്കും.

Content Highlight: UAE to tighten vehicle laws; Imprisonment and a fine of up to Rs 45 lakh can be imposed for serious offences

We use cookies to give you the best possible experience. Learn more