ഇനി സാക്ഷാല്‍ ബ്രയാന്‍ ലാറ പോലും 'നാലാള്‍ അറിയാത്ത' ഈ സൂപ്പര്‍ താരത്തിന് പിന്നില്‍; ആസിഫാടാ... കയ്യടിക്കെടാ...
Sports News
ഇനി സാക്ഷാല്‍ ബ്രയാന്‍ ലാറ പോലും 'നാലാള്‍ അറിയാത്ത' ഈ സൂപ്പര്‍ താരത്തിന് പിന്നില്‍; ആസിഫാടാ... കയ്യടിക്കെടാ...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th March 2023, 7:10 pm

ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് യു.എ.ഇ താരം ആസിഫ് ഖാന്‍. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമനായി ഇടം നേടിയാണ് ആസിഫ് ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടികളേറ്റുവാങ്ങുന്നത്.

സാക്ഷാല്‍ ബ്രയാന്‍ ലാറയെയും ബൗച്ചറിനെയും മറികടന്നുകൊണ്ടാണ് പാകിസ്ഥാന്‍ വംശജനായ യു.എ.ഇയുടെ ഈ മിന്നും താരം റെക്കോഡ് നേട്ടത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചത്. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ അസോസിയേറ്റ് രാജ്യത്ത് നിന്നുമുള്ള ഏക താരവും ആസിഫ് ഖാനാണ്.

2019 യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രൈ-നേഷന്‍ സീരീസില്‍ നേപ്പാളിനെതിരെയായിരുന്നു ആസിഫ് ഖാന്‍ സെഞ്ച്വറിയടിച്ചത്.

 

41 പന്തില്‍ നിന്നുമായിരുന്നു കൊടുങ്കാറ്റിനെ അനുസ്മരിപ്പിക്കുന്ന ആസിഫിന്റെ സെഞ്ച്വറി പിറന്നത്. നാല് ബൗണ്ടറിയും 11 സിക്‌സറുമായിരുന്നു ആസിഫ് ഖാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ആസിഫിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ 310 റണ്‍സായിരുന്നു യു.എ.ഇ നേടിയത്. ആസിഫ് ഖാന് പുറമെ 94 റണ്‍സ് നേടിയ വി. അരവിന്ദും 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് വസീമും യു.എ.ഇക്കായി തകര്‍ത്തടിച്ചു.

എന്നാല്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും തോല്‍ക്കാനായിരുന്നു യു.എ.ഇയുടെ വിധി.

311 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ നേപ്പാള്‍ മധ്യനിരയുടെ കരുത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

അര്‍ധ സെഞ്ച്വറി തികച്ച കുശാല്‍ ഭര്‍ടെലിന്റെയും ഭീം ഷാര്‍കിയുടെയും ആരിഫ് ഷെയ്ഖിന്റെയും ഗുല്‍സന്‍ ഝായുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ നേപ്പാള്‍ 44 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി നില്‍ക്കവെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം നിര്‍ത്തി വെക്കുകയായിരുന്നു.

ഡക്ക് വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ നേപ്പാള്‍ ഒമ്പത് റണ്‍സിന് നേപ്പാള്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ 2023 ഏകദിന ലോകകപ്പിലെ ക്വാളിഫയേഴ്‌സിന് യോഗ്യത നേടാനും നേപ്പാളിനായി.

Content Highlight: UAE star Asif Khan slams 4th fastest century in ODI format