Advertisement
World News
ഉക്രൈന്‍ പൗരന്മാര്‍ക്കുണ്ടായിരുന്ന വിസ ഇളവ് നിര്‍ത്തിവെച്ചു; കൂടുതല്‍ റഷ്യന്‍ ചായ്‌വ് പ്രകടമാക്കി യു.എ.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 03, 12:52 pm
Thursday, 3rd March 2022, 6:22 pm

ദുബായ്: റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ ഉക്രൈന്‍ പൗരന്മാര്‍ക്ക് യു.എ.ഇ നേരത്തെ അനുവദിച്ച വിസ ഇളവ് നിര്‍ത്തിവെച്ചു. യുദ്ധത്തില്‍ നിന്ന് ആയിരക്കണക്കിന് ഉക്രൈനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന സമയത്താണ് യു.എ.ഇയുടെ നടപടി.

യു.എ.ഇ തീരുമാനം കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കാരണം വ്യക്തമാക്കാതെയാണ് യു.എ.ഇ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. യു.എ.ഇയുടെ ഔദ്യോഗിക വിശദീകരണവും ഇതുസംബന്ധിച്ച് വന്നിട്ടില്ല.

ഉക്രൈനിനെതിരായ യുദ്ധത്തില്‍ ആഗോള തലത്തില്‍ റഷ്യയെ നയതന്ത്രപരമായി ഒറ്റപ്പെടുത്താന്‍ പാശ്ചാത്യ ലോകം നീങ്ങുമ്പോഴാണ് ഇതില്‍ നിന്ന് യു.എ.ഇ മാറിനില്‍ക്കുന്നത്. റഷ്യയുടെ നിലപാടിനെ പിന്തുണക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി യു.എ.ഇ മാറുന്നു എന്നാണ് ഇതിലൂടെ വിലയിരുത്തലുകള്‍ വരുന്നുണ്ട്.

കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതും യു.എ.ഇ റഷ്യന്‍ പക്ഷത്താണെന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പില്‍ നിന്നും യു.എ.ഇ വിട്ടുനിന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഉക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ കുറ്റപ്പെടുത്തുകയും പുടിന്‍ ഉടന്‍ തന്നെ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത യു.എന്‍ ജനറല്‍ അസംബ്ലിയുടെ പ്രമേയത്തെ യു.എ.ഇ പിന്താങ്ങിയത് മുകളില്‍ പറഞ്ഞതിന്റെ വൈരുധ്യമായി തുടരുകയും ചെയ്യുന്നുണ്ട്.

അതേസമയം, പലായാനം ചെയ്യുന്നവര്‍ ഉക്രൈനിലെ ജനസംഖ്യയുടെ രണ്ടുശതമാനം വരുമെന്ന് യു.എന്‍.
അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ കണക്കുകള്‍ പറയുന്നു. 10 ലക്ഷം ഉക്രൈന്‍ പൗരന്മാരാണെന്ന് ഇതുവരെ പലായനം ചെയ്തതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക് പറയുന്നത്.

‘ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രൈനില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പത്ത് ലക്ഷം അഭയാര്‍ത്ഥികള്‍ പലായനം ചെയ്യുന്നത് ഞങ്ങള്‍ കണ്ടു,’ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ട്വിറ്ററില്‍ കുറിച്ചു. 40 ലക്ഷത്തിലേറെ ജനങ്ങള്‍ ഉക്രൈനില്‍ നിന്ന് പാലായനം ചെയ്യുമെന്നായിരുന്നു യു.എന്‍ ഏജന്‍സി പ്രവചിച്ചിരുന്നത്.