| Friday, 24th August 2018, 8:22 am

കേരളത്തിന് ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍: സഹായസന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ഔദ്യോഗികമായി ഇത്ര തുക നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

“വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് എത്രഫണ്ട് ആവശ്യമാണെന്നതു സംബന്ധിച്ച കണക്കുകൂട്ടലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക സഹായമായി ഒരു നിശ്ചിത തുക പ്രഖ്യാപിക്കാന്‍, കൂടിയാലോചനകള്‍ പൂര്‍ത്തിയായിട്ടില്ല. അത് നടന്നുകൊണ്ടിരിക്കുകയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.

” യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തമും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിനായി ഫണ്ടുകള്‍, സഹായ സാമഗ്രികള്‍, മരുന്നുകള്‍ എന്നിവ ശേഖരിക്കുകയെന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം” അദ്ദേഹം പറയുന്നു.

യു.എ.ഇ 700 കോടി രൂപ പ്രഖ്യാപിച്ചിട്ടില്ല എന്നാണോ അര്‍ത്ഥമാക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ” അതെ, അതാണ് ശരി. അന്തിമ തീരുമാനം ഇതുവരെയായിട്ടില്ല. ഫണ്ട് പ്രഖ്യാപിച്ചിട്ടുമില്ല.” എന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് യു.എ.ഇ പ്രസിഡന്റ് കേരളത്തിന് സഹായമായി 700 കോടി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അംബാസിഡര്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ഔദ്യോഗികമായി അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

യു.എ.ഇ കിരീടാവകാശി നെഹിയാന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും കേരളത്തിന് 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈയാഴ്ചയാദ്യം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതു നിഷേധിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. ഇത് വലിയ വിവാദമായിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകളെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇന്ത്യയിലെ സാമ്പത്തിക സഹായ നിയമങ്ങളെക്കുറിച്ച് അറിഞ്ഞതുമുതല്‍ കേന്ദ്ര അധികൃതരുമായി കമ്മിറ്റി കോഡിനേറ്റ് ചെയ്യുന്നുണ്ട്. അടിയന്തര സഹായത്തിനും ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുമായി പ്രാദേശിക അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.” എന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിലെ റെഡ് ക്രോസ്, കേരളത്തിലെ സംഘടനകള്‍, ഇന്ത്യയിലുളള സംഘടനകള്‍ എന്നിവയുമായി ചേര്‍ന്നാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more