ഇനി സ്‌പോണ്‍സര്‍ ആവശ്യമില്ല; പ്രവാസികള്‍ക്ക് സുവര്‍ണാവസരമായി യു.എ.ഇയിലെ പുതിയ വിസ ചട്ടം; ബിരുദധാരികള്‍ക്കും വന്‍ സാധ്യതകള്‍
World News
ഇനി സ്‌പോണ്‍സര്‍ ആവശ്യമില്ല; പ്രവാസികള്‍ക്ക് സുവര്‍ണാവസരമായി യു.എ.ഇയിലെ പുതിയ വിസ ചട്ടം; ബിരുദധാരികള്‍ക്കും വന്‍ സാധ്യതകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th October 2022, 2:36 pm

അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി യു.എ.ഇയില്‍ പുതിയ വിസ ചട്ടം. തൊഴില്‍ വിസ, റസിഡന്‍സി വിസ, സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ എന്നിവയുടെ ചട്ടങ്ങളിലെല്ലാം കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

തൊഴില്‍ അന്വേഷിച്ചെത്തുന്നവര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ ആവശ്യമാണെന്ന നിബന്ധനയിലെ മാറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നത്.

സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത പ്രത്യേക വിസ അനുവദിക്കാനാണ് പുതിയ നീക്കം. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റേതാണ് വിസ ചട്ടം നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ പട്ടികയനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്‌കില്‍ തലങ്ങളിലെ ജോലികള്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുക.

നേരത്തെ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മാത്രമല്ല, ബിരുദധാരികള്‍ക്കും വിസക്ക് അപേക്ഷിക്കാനാകും. അന്താരാഷ്ട്ര തലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 500 സര്‍വകലാശാലകള്‍ക്ക് കീഴില്‍ നിന്നും പഠനം പൂര്‍ത്തിയായവരെയായിരിക്കും ഇതിന് പരിഗണിക്കുക.

പ്രവാസികള്‍ക്ക് തങ്ങളുടെ ആണ്‍മക്കളെ 25 വയസ് വരെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ താമസിപ്പിക്കാനും ഇനി മുതല്‍ സാധിക്കും.

സന്ദര്‍ശക വിസയുടെ കാലാവധി മുപ്പതില്‍ നിന്ന് 60 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കും സ്‌പോണ്‍സര്‍ ആവശ്യമില്ല.

ഇതുകൂടാതെ തൊഴിലുടമയോ സ്‌പോണ്‍സറോ ആവശ്യമില്ലാത്ത അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റസിഡന്‍സ് വിസയും പുതിയ ചട്ടത്തിന്റെ ഭാഗമായി നിലവില്‍ വന്നിട്ടുണ്ട്.

റസിഡന്‍സി വിസ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടുന്നതിനുള്ള കാലാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആറ് മാസമായാണ് സമയപരിധി ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ റസിഡന്‍സി വിസ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടാനോ മറ്റൊരു വിസ ലഭിക്കാനോ 30 ദിവസം സമയം മാത്രമായിരുന്നു ലഭിച്ചിരുന്നത്.

Content Highlight: UAE’s new VISA policy helps pravasi