സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് ആദ്യമായി വനിതാ ടീമിനെ നിയമിച്ച് യു.എ.ഇ
World News
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് ആദ്യമായി വനിതാ ടീമിനെ നിയമിച്ച് യു.എ.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th March 2021, 12:51 pm

ഷാര്‍ജ: സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് ആദ്യമായി സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ടീമിനെ നിയമിച്ച് യു.എ.ഇ. സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്റ്റിക്‌സ് (SWAT) ടീമിലേക്കാണ് യു.എ.ഇ ആദ്യമായി സ്ത്രീകളെ നിയമിച്ചത്.

പത്ത് പേരെയാണ് സ്വാറ്റിലേക്ക് നിയമിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ പ്രധാനമായും മേല്‍നോട്ടം വഹിക്കുക.

24മുതല്‍ 44 വയസുവരെയുള്ള സ്ത്രീകള്‍ക്കാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് തീവ്ര പരിശീലനവും നല്‍കിയിരുന്നു.

സ്വാറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ഈ പത്തംഗ ടീമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലിനുള്ളിലെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ക്കാണ്.

ഷാര്‍ജ പൊലീസിന്റെ ഭാഗമായി രാജ്യത്തെ സേവിക്കാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് തെരഞ്ഞെടുക്കപ്പെട്ട വനിതാ കമാന്‍ഡോമാര്‍ പറഞ്ഞു.

രാജ്യത്തെ ലിംഗസമത്വം മെച്ചപ്പെടുത്തുന്നതിന് ഇത്തരം നടപടികള്‍ ആവശ്യമാണെന്നും തെരഞ്ഞെടുക്കപ്പെട്ട വനിതാ ടീമിലെ അംഗങ്ങള്‍ പ്രതികരിച്ചു. കൂട്ടായുള്ള ശ്രമത്തിന്റെ ഭാഗമായി തങ്ങളെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UAE’s first all-women SWAT police force