| Saturday, 5th December 2020, 2:43 pm

'ബെയ്താര്‍ ജറുസലേം' ക്ലബ്ബിലൂടെ തീവ്രവംശീയതയുടെ ഇസ്രഈല്‍ ചേരിയിലെത്തുന്ന യു.എ.ഇ

നാസിറുദ്ദീന്‍

യു.എ.ഇ രാജകുടുംബത്തിലെ പ്രമുഖനും വന്‍ ബിസിനസ് സാമ്രാജ്യത്തിനുടമയുമായ ഹമദ് ബിന്‍ ഖലീഫാ അല്‍ നഹ്‌യാന്‍, ഇസ്രഈലി ഫുട്‌ബോള്‍ ക്ലബ്ബായ ‘ബെയ്താര്‍ ജറുസലേം’ വാങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

ബെയ്താറിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോഴാണ് കായിക, സാമ്പത്തിക താല്‍പര്യത്തിനപ്പുറമുള്ള രാഷ്ട്രീയ ചിത്രം തെളിഞ്ഞു വരുന്നത്. 1936 ല്‍ സ്ഥാപിതമായ ക്ലബ്, തുടക്കം തൊട്ട് ഇന്നേ വരെ ഒട്ടി നിന്നത് ഫുട്ബാളിനപ്പുറമുള്ള ഇസ്രഈലിലെ തീവ്ര സയണിസ്റ്റ്, വംശീയ താല്‍പര്യങ്ങളോടായിരുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 20% വരുന്ന അറബ്/പലസ്തീന്‍ വംശജരില്‍ പെട്ട ഒരാള്‍ പോലും ഇല്ലാത്ത ഇസ്രഈലി ലെ ഏക ക്ലബും ബെയ്താര്‍ ആണ്.

യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും സയണിസത്തിന് വിത്തും വളവും നല്‍കിയ യു.എസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഒരേ സ്വരത്തില്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്ന ‘ഇര്‍ഗുന്‍’ മിലീഷ്യയുമായി ക്ലബ് സ്ഥാപകനായിരുന്ന ഡേവിഡ് ഹോണിന്റെ ബന്ധം തൊട്ട് തുടങ്ങുന്നതാണ് ക്ലബിന്റെ വംശീയ ആഭിമുഖ്യം.

‘ലാ ഫെമിലിയാ’ എന്നറിയപ്പെടുന്ന ക്ലബിന്റെ ആരാധകരുടെ തീവ്ര ദേശീയ, വംശീയ മുദ്രാവാക്യങ്ങള്‍ കുപ്രസിദ്ധമാണ്. എതിര്‍ ടീമുകള്‍ക്കപ്പുറത്തായി അറബികളെ പ്രതിഷ്ഠിച്ച് തെറി വിളിക്കുന്നതാണ് പൊതുവേ ക്ലബ് ഫാന്‍സിന്റെ രീതി. ‘യുദ്ധം, യുദ്ധം….’, ‘അറബികള്‍ക്ക് മരണം…..’, ‘ബെയ്താര്‍- എപ്പോഴും പരിശുദ്ധം….’, ‘രാജ്യത്തെ ഏറ്റവും വംശീയമായ ടീം…..’, ‘നിങ്ങളുടെ ഗ്രാമങ്ങള്‍ ചുട്ടെരിയട്ടെ…..’ തുടങ്ങിയ ആക്രോശങ്ങള്‍ ബെയ്താറിന്റെ കളി നടക്കുമ്പോള്‍ പതിവായി സ്റ്റേഡിയങ്ങളില്‍ കേള്‍ക്കാം. നിരവധി തവണ ക്ലബ് ഹിംസാത്മക, വംശീയ നടപടികളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും നെതന്യാഹു പോലുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ ക്ലബ്ബുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആരാധകരാണ്.

2013 ല്‍ ചെചന്‍ വംശജരായ രണ്ട് മുസ്ലിങ്ങളെ ടീമില്‍ എടുത്തപ്പോള്‍ ക്ലബ് ഫാന്‍സ് അക്രമാസക്തമായ നീക്കങ്ങളായിരുന്നു നടത്തിയത്. ക്ലബിന്റെ ഓഫീസ് തീവെക്കുകയും ട്രോഫി റൂം കേട് വരുത്തുകയും ചെയ്തു. ഇവര്‍ പരിശീലനം നടത്തുന്ന ഗ്രൗണ്ടിന് ചുറ്റും കൂടി നിന്ന് ആക്രോശിച്ചത് ‘നിങ്ങള്‍ രണ്ട് മുസ്ലിങ്ങളെയാണ് ഞങ്ങള്‍ക്ക് തന്നത് ; ഫുട്‌ബോള്‍ കളിക്കാരെ അല്ലാ… ‘ എന്നായിരുന്നു. പരസ്യമായി ‘ഫക്ക് യു കദിയേവ്’ എന്നലറി (കദിയേവ് രണ്ട് പേരില്‍ ഒരാളായിരുന്നു). പോരാത്തതിന് ഇവരെ എടുത്ത് ‘അല്‍ അഖ്‌സ പള്ളിക്കകത്തേക്ക് കൊണ്ട് പോവൂ !’ എന്നും വിളിച്ച് കൂവി. പരിശീലനം കഴിഞ്ഞ് പുറത്ത് പോവുന്ന കദിയേവിന് നേരെ പതിവ് രീതിയില്‍ ‘യുദ്ധം, യുദ്ധം….’ വിളി നല്‍കി പറഞ്ഞയച്ചു.

തീര്‍ന്നില്ല, മറ്റേ ചെചന്‍ കളിക്കാരനായ സദായേവ് ഒരു കളിയില്‍ നിര്‍ണായക ഗോളടിച്ച അവസരം. കുപിതരായ നൂറുകണക്കിന് ഫാന്‍സ് സ്റ്റേഡിയത്തില്‍ നിന്ന് ഇറങ്ങിപ്പോയായിരുന്നു സ്വന്തം ടീമിന്റെ മുന്നേറ്റത്തില്‍ പ്രതിഷേധിച്ചത്. ഗോളടിച്ച സമയം എണീറ്റ് നിന്ന് പ്രോല്‍സാഹിപ്പിച്ചവരുടെ കൂട്ടത്തില്‍ ഇസ്രഈലിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായിരുന്ന അവിഗ്‌ഡോര്‍ ലീബര്‍മാനും ഉണ്ടായിരുന്നു. ഈ സമയം ഫാന്‍സില്‍ ചിലര്‍ ലീബര്‍മാനെതിരെ തിരിഞ്ഞു. ‘ലീബര്‍മാന്‍, എങ്ങനെയാണ് നിങ്ങള്‍ക്കയാളെ പിന്തുണക്കാന്‍ പറ്റുക? എവിടെപ്പോയി നിങ്ങളുടെ തത്വങ്ങളും നയങ്ങളും….? ‘അവര്‍ ചോദിച്ചു. ഓര്‍ക്കണം, ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് 2018 ലെ നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് പ്രതിരോധ മന്ത്രി സ്ഥാനം രാജി വെക്കാന്‍ മാത്രം തീവ്ര നിലപാടുകാരനായിരുന്ന ലീബര്‍മാനാണ് ഈ അനുഭവം നേരിട്ടത്!

മറ്റൊരിക്കല്‍ അലി മുഹമ്മദ് എന്ന നൈജീരിയന്‍ കളിക്കാരനെ ക്ലബ് റിക്രൂട്ട് ചെയ്ത സന്ദര്‍ഭം. മുഹമ്മദ് വിശ്വാസിയായ കൃസ്ത്യാനി ആയിരുന്നെങ്കിലും ‘മുഹമ്മദ്’ എന്ന മുസ്‌ലിം പേരുള്ള ആള്‍ ക്ലബില്‍ കളിക്കുന്നതിനെതിരായി ആരാധകരുടെ രോഷം. ‘മുഹമ്മദ് മരിച്ചു….’, ‘അലി മരിച്ചു….’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി മുഹമ്മദിന്റെ പരിശീലന ഗ്രൗണ്ടിലെത്തി. ഗതി കെട്ട ക്ലബ് ഉടമയായ മോഷാ ഹോഗഗ് നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇത്ര മോശം പശ്ചാത്തലമുള്ള ഒരു ക്ലബില്‍ യു.എ.ഇ രാജകുടുംബത്തിലെ ഒരു പ്രമുഖന്‍ നിക്ഷേപം നടത്താന്‍ കാരണമെന്താവും? അതും കഴിഞ്ഞ 12 വര്‍ഷമായി ഒരിക്കല്‍ പോലും ഇസ്രായേല്‍ ലീഗ് കിരീടം നേടാതിരിക്കുന്ന സാഹചര്യത്തില്‍ പോലും. യു.എ.ഇയുടെ നയവും നിലപാടും വ്യക്തമാണ്. തങ്ങള്‍ വിശ്വസനീയ പങ്കാളിയായി കാണുന്നത് തീവ്ര സയണിസ്റ്റുകളും വംശീയവാദികളുമടങ്ങുന്ന ചേരിയിലാണ്, ലോകത്തെവിടെയായാലും. ട്രംപും നെതന്യാഹുവും ബെയ്താര്‍ ക്ലബുമൊക്കെ ഇതില്‍ സ്വാഭാവിക പങ്കാളികളാണ്.
സഖ്യത്തിന്റെ ആണിക്കല്ലായിരുന്ന ട്രംപ് തോറ്റമ്പിയ സാഹചര്യത്തില്‍ ഇനി ഇസ്രായേല്‍ മാത്രമാണ് രക്ഷ. അവരെ തൃപ്തിപ്പെടുത്താന്‍ ഏതറ്റം വരെയും പോവും.

മുഹമ്മദ് ബിന്‍ സല്‍മാന്‍ പോലും ട്രംപില്ലാത്ത സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ നോക്കുന്ന പശ്ചാത്തലത്തില്‍ തീവ്ര ഇസ്രഈല്‍ അനുകൂല നിലപാട് സ്വാഭാവികം. ആശയപരമാണെങ്കില്‍ മുമ്പേ യോജിപ്പുമാണ്. വെറും കാശ് കൊണ്ട് യുദ്ധം ജയിക്കില്ലെന്ന് യമനും ലിബിയയും പഠിപ്പിച്ചിട്ടുമുണ്ട്. പരമാവധി പെട്രോ ഡോളര്‍ ഇസ്രഈലില്‍ കൊണ്ട് പോയി തള്ളി സ്വന്തം തടി കാക്കാനും പറ്റുമെങ്കില്‍ രാജ്യാതിര്‍ത്തി കടന്നുള്ള സാമ്രാജ്യത്ത താല്‍പര്യങ്ങളില്‍ എന്തെങ്കിലുമൊക്കെ നേടാനുമാണ് മുഹമ്മദ് ബിന്‍ സായിദ് നേതൃത്വം നല്‍കുന്ന യു.എ.ഇ ഭരണകൂടം ശ്രമിക്കുന്നത്.


Content Highlight: UAE’S Entry The Beitar Jerusalem Club

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more