ദുബായ്: യു.എ.പി.എ ചുമത്തി ജയിലിലടച്ച ജാമിഅ ഗവേഷണ വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗാറിന്റെ വിഷയത്തില്‍ പ്രതികരണവുമായി യു.എ.ഇ രാജകുടുംബാഗമായ ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി.
സഫൂറ സര്‍ഗാറിന് ജാമ്യം നല്‍കാതെ തടങ്കലിലടച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഒരു ഗര്‍ഭിണിയെ തടങ്കലില്‍ വെച്ചതു കൊണ്ട് എന്താണ് അവര്‍ക്ക് നേടാനുള്ളതെന്നും ഇവര്‍ ചോദിച്ചു.
ഒരു യുവതിക്കും അവരുടെ ജനിക്കാത്ത കുഞ്ഞിനും നീതി നിഷേധിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര തലത്തില്‍ നാണക്കേടാണെന്നും ഇവര്‍ പ്രതികരിച്ചു. ടു സര്‍കിള്‍സ് ഡോട്ട്.നെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയുടെ പ്രതികരണം.
ഒപ്പം കശ്മീരിലെ സ്ഥിതി മോശമാണെന്നും യു.എ.ഇ രാജകുടുംബാഗം പറഞ്ഞു.
‘ സ്ഥിതിഗതികള്‍ മോശമാണ്. സഫൂറ സര്‍ഗാര്‍ എന്ന യുവതിക്ക് ജാമ്യം നിഷേധിച്ചിരിക്കുകയാണ്. അവള്‍ ഗര്‍ഭിണിയാണ്. ഒരു ഗര്‍ഭിണിയെ തടവിലിട്ടതു കൊണ്ട് എന്താണ് അവര്‍ക്ക് നേടാനുള്ളതെന്ന് മനസ്സിലാവുന്നില്ല,’ യു.എ.ഇ രാജകുടുംബാഗം പറഞ്ഞു.
ഒപ്പം ഇന്ത്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചു ഇവര്‍ പറഞ്ഞു.
‘ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്തെന്നാല്‍ അവിടെ എന്തെങ്കിലും ചര്‍ച്ച ചെയ്താല്‍ നിങ്ങള്‍ ആക്രമിക്കപ്പെടുമെന്നതിനാല്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന നയമുണ്ട്. ഞാന്‍ ഇന്ത്യയെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ രണ്ടു വര്‍ഷം മുമ്പ് ഞാന്‍ ഒരു ക്ഷേത്രം സന്ദര്‍ശിച്ച വീഡിയോ കൊണ്ടു വന്നു. ഞാന്‍ ഒരു ബിസിനസ് ട്രിപ്പിനായി പോയപ്പോള്‍ ക്ഷേത്രത്തിലേക്ക് എനിക്ക് ക്ഷണം ലഭിച്ചു. ഞാന്‍ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിക്കുകയും ബഹുമാനത്തോടെ സന്ദര്‍ശനം നടത്തുകയും ചെയ്തു. അവരുടെ കരുണ ഞാന്‍ ആസ്വദിച്ചു. അവര്‍ ഇവിടേക്ക് വരുമ്പോള്‍ ഷെയ്ക് സായിദ് ഗ്രാന്‍ഡ് മോസ്‌ക് കാണിച്ച് അതേ മര്യാദ നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി പറഞ്ഞു.
ഒപ്പം സഹിഷ്ണുത കാണിക്കുന്നതിലൂടെ ആ സഹിഷ്ണുത തിരിച്ചു നല്‍കാനാവുമെന്നും ഇസ്ലാമോഫോബിയ യു.എ.ഇ അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
നേരത്തെ ഇന്ത്യക്കാരായ യു.എ.ഇ പ്രവാസികള്‍ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഇവര്‍ രംഗത്തെത്തിയിരുന്നു.
ഏപ്രില്‍ 15 ന് സൗരവ് ഉപാദേയ് എന്ന ഇന്ത്യന്‍ പൗരന്റെ ഇസ്ലാമോഫോബിയ പരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു ഇവര്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഇന്ത്യയില്‍ വളരുന്ന മുസ്ലിം വിരുദ്ധതയ്ക്കെതിരെ രംഗത്തെത്തുകയും ഒരു ക്യാമ്പയിനെന്ന തരത്തില്‍ ഇതു തുടരുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക