ദുബായ്: നാട്ടിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന പ്രവാസികളെ തിരിച്ചുവിളിക്കാത്ത രാജ്യങ്ങളോട് നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ച് യു.എ.ഇ. ഈ രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വകാര്യമേഖലയിലെ പ്രവാസികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി യു.എ.ഇ ഏറ്റെടുക്കുന്ന നടപടികളുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധവുമായി ബന്ധപ്പെട്ട് നിലവിലെ പങ്കാളിത്തം പരിഷ്‌കരിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. കൊവിഡ് -19 വ്യാപനത്തെത്തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ തങ്ങളുടെ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നീക്കം.
മന്ത്രാലയവുമായി സഹകരിക്കാത്ത രാജ്യങ്ങളിലെ അധികാരികള്‍ തമ്മിലുള്ള ധാരണാപത്രം നിര്‍ത്തലാക്കുന്നതും ഭാവിയില്‍ നിയമനത്തിനായി നിയന്ത്രണങ്ങളോ വിസാ ക്വാട്ടകളോ ഏര്‍പ്പെടുത്തുന്നതും ആലോചിക്കേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.
ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയി. എന്നാല്‍ ഇന്ത്യ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മന്ത്രാലയത്തിന്റെ ഒരോ നീക്കവും പ്രസക്തമാണ്.
വിമാനക്കമ്പനികള്‍ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് നിശ്ചയിച്ച പ്രകാരമുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അനുമതി നല്‍കാത്തിനെത്തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ നടന്നിരുന്നില്ല.