| Thursday, 11th July 2024, 5:47 pm

ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥിയെ യു.എ.ഇ നാടുകടത്തിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: അബുദാബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിനിടെ കഫിയ ധരിച്ച് ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യം ഉയര്‍ത്തിയ വിദ്യാര്‍ത്ഥിയെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) നാടുകടത്തിയതായി റിപ്പോര്‍ട്ട്.

മെയ് മാസത്തിലായിരുന്നു ക്യാമ്പസില്‍ ബിരുദദാന ചടങ്ങ് നടന്നത്. സര്‍വകലാശാലയുടെ ചട്ടങ്ങളനുസരിച്ചാണ് നടപടിയെന്നാണ് വിശദീകരണം. ബിരുദധാരികള്‍ അവരുടെ ഗൗണുകളിലോ തൊപ്പികളിലോ സ്‌കാര്‍ഫുകളിലോ യാതൊരു വിധത്തിലുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടമെന്നും അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാര്‍ത്ഥിയെ ഒരാഴ്ച പൊലീസ് കസ്റ്റഡിയില്‍ വെച്ചതിന് പിന്നാലെയാണ് നാടുകടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ക്യാമ്പസിലെ അക്കാദമിക് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ വ്യക്തമായി പരിപാടിയുടെ പ്രോട്ടോകോളുകളെ കുറിച്ച് നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്നാണ് എന്‍.വൈ.യു അധികൃതര്‍ അബുദാബി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്.

നേരത്തെ കൊളംബിയ സര്‍വകലാശാലയിലും ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭം നടന്നിരുന്നു. സമരം കനത്തതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടപടിയും ഉണ്ടായിരുന്നു. യു.എസിലെ ഗസ ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല.

സമരങ്ങള്‍ കണക്കിലെടുത്ത് മെയ് മാസത്തില്‍ സര്‍വകലാശാലയില്‍ നടക്കാനിരുന്ന മുഖ്യ ബിരുദദാന ചടങ്ങ് പോലും റദ്ദാക്കിയിരുന്നു. പകരം ഓരോ വകുപ്പും ചെറിയ ചടങ്ങുകള്‍ നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കിയത്.

ഏപ്രില്‍ 17നായിരുന്നു ക്യാമ്പസിനകത്ത് ഫലസ്തീന്‍ അനുകൂല സമരങ്ങള്‍ ആരംഭിച്ചത്. ക്യാമ്പസിനകത്ത് ടെന്റടിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയത്. പിന്നീട് ഈ ടെന്റുകള്‍ ഉള്‍പ്പടെ പൊളിച്ച് മാറ്റി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നതിലേക്കടക്കം പൊലീസ് കടന്നിരുന്നു.

Content Highlight: UAE reportedly deports student for shouting ‘Free Palestine’

We use cookies to give you the best possible experience. Learn more