|

ഫലസ്തീനികള്‍ക്കായി നിലകൊള്ളും; യു.എസ് സ്റ്റേറ്റ് സെക്രട്ടറിയോട് നിലപാട് ആവര്‍ത്തിച്ച് യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് ആവര്‍ത്തിച്ച് യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സ്വന്തം മണ്ണില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള ശ്രമത്തെ നിരാകരിക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

നാല് ദിവസത്തെ പര്യടനത്തിനെത്തിയ മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയിലാണ് യു.എ.ഇ ഭരണാധികാരി നിലപാട് ആവര്‍ത്തിക്കുന്നത്. ഗസയുടെ പുനര്‍നിര്‍മാണം, ദ്വിരാഷ്ട്ര പരിഹാരം, പശ്ചിമേഷ്യയിലെ സ്ഥിരതയും സമാധാനവുമെല്ലാം പ്രധാനപ്പെട്ട വിഷയങ്ങളാണെന്നും ഇവയ്ക്ക് ശാശ്വതമായ പരിഹാരം വേണമെന്നും നഹ്യാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയോട് പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ടേമില്‍ ഇസ്രഈലുമായുള്ള ബന്ധം പുനസ്ഥാപിച്ച ഒരേയൊരു അറബ് രാജ്യം യു.എ.ഇയായിരുന്നു. 2021ല്‍ യു.എ.ഇ ഇസ്രഈലില്‍ എംബസി തുറക്കുകയും ചെയ്തിരുന്നു.

ഇതിനുപുറമെ വിമാന സര്‍വീസ്, സുരക്ഷ, ടെലി കമ്മ്യൂണിക്കേഷന്‍, ടൂറിസം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇക്കാരണങ്ങള്‍ യു.എ.ഇ സ്വീകരിക്കുന്ന നിലപാടുകളില്‍ ട്രംപ് സര്‍ക്കാര്‍ ആശങ്കാകുലരാണെന്നാണ് വിലയിരുത്തല്‍.

ഗസക്കെതിരായ ഇസ്രഈല്‍ യുദ്ധത്തില്‍ ആദ്യഘട്ടം മുതല്‍ക്കേ യു.എ.ഇ പരോക്ഷമായും പ്രത്യക്ഷമായും അതൃപ്തി അറിയിക്കുന്നുണ്ട്. യുദ്ധാനന്തരം ഗസയുടെ പുനര്‍നിര്‍മാണത്തിനായി സൈന്യത്തെ അയക്കാന്‍ യു.എ.ഇ സന്നദ്ധത അറിയിച്ചിരുന്നു. അടുത്തിടെ ഗസയുടെ പുനര്‍നിര്‍മാണത്തിനായി യു.എ.ഇ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

ഗസയിലെ ഫലസ്തീനികള്‍ക്കായുള്ള ബഹുരാഷ്ട്ര ദൗത്യത്തിലേക്ക് സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിച്ച ആദ്യ രാജ്യം കൂടിയായിരുന്നു യു.എ.ഇ. ഉപാധികളോടെയാണ് യു.എ.ഇ സന്നദ്ധത അറിയിച്ചത്.

ഗസയിലെ യുദ്ധാനന്തര പദ്ധതികള്‍ക്ക് അമേരിക്ക നേതൃത്വം നല്‍കണം, വെസ്റ്റ് ബാങ്കിനെ നിയന്ത്രിക്കുന്ന പാശ്ചാത്യ പിന്തുണയുള്ള ബോഡിയായ ഫലസ്തീന്‍ അതോറിറ്റിയുടെ ക്ഷണം ലഭിക്കണം തുടങ്ങിയവയായിരുന്നു ഉപാധികള്‍.

കഴിഞ്ഞ ദിവസങ്ങളിലാണ് ഗസയില്‍ നിന്ന് ഫലസ്തീനികള്‍ കുടിയിറങ്ങണമെന്നും കുടിയിറക്കപ്പെട്ടവരെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും ട്രംപ് തുടര്‍ച്ചയായി ആഹ്വാനം ചെയ്തത്. പക്ഷെ, യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിലപാട് തള്ളുകയാണ് ചെയ്തത്.

ഫെബ്രുവരിയില്‍ ഈജിപ്തില്‍ വെച്ച് അടിയന്തിര അറബ് ഉച്ചകോടി നടക്കാനിരിക്കുകയാണ്. ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ദാന്‍, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ട്രംപിന്റെ പദ്ധതിയും ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

Content Highlight: UAE rejects Trump’s plan to displace Palestinians from Gaza

Latest Stories

Video Stories