| Tuesday, 23rd January 2024, 10:12 pm

യെമനിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ യു.എ.ഇ അൽ ഖ്വെയ്ദയെ നിയോഗിച്ചു; ബി.ബി.സി അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: യെമനിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ യു.എ.ഇ ഫണ്ട് ലഭ്യമാക്കിയെന്ന് ബി.ബി.സി അന്വേഷണം.

തങ്ങൾക്ക് സുരക്ഷയൊരുക്കാൻ യു.എ.ഇ മുൻ അൽ ഖ്വെയ്‌ദ അംഗങ്ങളെ നിയോഗിച്ചെന്നും അമേരിക്കയിൽ നിന്നുള്ള വാടകകൊലയാളികൾക്ക് പണം നൽകിയെന്നുമാണ് ബി.ബി.സിയുടെ കണ്ടെത്തൽ.

തീവ്രവാദ സംഘടന അൽ ഖ്വെയ്ദയിലെ 11 അംഗങ്ങളെ യു.എ.ഇയുടെ സുരക്ഷാ സംഘടനയായ സതേൺ ട്രാൻസിഷൻ കൗൺസിലിനൊപ്പം (എസ്.ടി.സി) പ്രവർത്തിക്കുവാനായി നിയോഗിച്ചെന്നും ദീർഘകാലം ഇവർ ദക്ഷിണ യെമനിൽ ഉണ്ടായിരുന്നു എന്നും ബി.ബി.സിക്ക് വിവരം ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

യെമനിൽ കൊലപാതകങ്ങൾ നടത്തുന്നതിന് യുഎഇ ഉദ്യോഗസ്ഥർ ജയിൽമോചനം വാഗ്ദാനം ചെയ്തതായി ഒരു അൽ ഖ്വെയ്ദ അംഗം വെളിപ്പെടുത്തിയതിന്റെ കോടതി രേഖകൾ കഴിഞ്ഞ ദിവസം ബി.ബി.സി റിലീസ് ചെയ്ത ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട്.

2000ത്തിൽ 17 അമേരിക്കക്കാരെ കൊലപ്പെടുത്തിയ, യു.എസ് യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന അൽ ഖ്വെയ്ദയിലെ നാസർ അൽ ഷിബയും ഇപ്പോൾ എസ്.ടി.സിക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്ന് ബി.ബി.സിക്ക് വിവരം ലഭിച്ചു.

യെമനിൽ കൊലപാതകങ്ങൾ നടത്തുന്നതിനായി യു.എ.ഇ തങ്ങളെ നിയോഗിച്ചുവെന്ന യു.എസിലെ സുരക്ഷാ കമ്പനിയായ സ്പിയർ ഓപ്പറേഷൻസ് ഗ്രൂപ്പിലെ രണ്ട് മുൻ ജീവനക്കാരുടെ സാക്ഷ്യപ്പെടുത്തലുകളും ബി.ബി.സിയുടെ റിപ്പോർട്ടിലുണ്ട്.

2018ൽ ബസ്ഫീഡ് നടത്തിയ അന്വേഷണത്തിൽ മുസ്‌ലിം ബ്രദർഹുഡ് സംഘടനയുടെ യെമനിലെ ശാഖ അൽ ഇസ്‌ലാഹിലെ പ്രബലരായ അംഗങ്ങളെ കൊലപ്പെടുത്തുവാൻ യു.എ.ഇ വാടകക്കൊലയാളികളെ നിയോഗിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു.

Content Highlight: UAE ‘recruited al-Qaeda’ to carry out assassinations in Yemen

We use cookies to give you the best possible experience. Learn more