| Monday, 22nd November 2021, 2:53 pm

ഒരു ക്രിമിനല്‍ സമൂഹത്തില്‍ വിഷം കുത്തിവെയ്ക്കുമ്പോള്‍ പള്ളികള്‍ അഗ്നിക്കിരയാകും; മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരിയെ അബുദാബിയിലെ പരിപാടിയില്‍ നിന്ന് പുറത്താക്കിയതായി യു.എ.ഇ രാജകുമാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: താന്‍ അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയിലെ സീ ന്യൂസ് ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരിയെ അബുദാബിയിലെ ഒരു പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതായി യു.എ.ഇ രാജകുമാരിയും ബിസിനസുകാരിയുമായ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിം.

അബുദാബി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഇവന്റില്‍ സ്പീക്കറായി സുധീര്‍ ചൗധരിയെ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ പുറത്താക്കിയെന്നാണ് ട്വീറ്റിലൂടെ അല്‍ ഖാസിം പറഞ്ഞത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങളുടെ കത്തും അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കത്തില്‍ ചൗധരിയെ പരിപാടിയില്‍ നിന്ന് പുറത്താക്കണമെന്ന അഭ്യര്‍ത്ഥിക്കുന്നതായി മാത്രമാണുള്ളത്, പുറത്താക്കിയതായി പറയുന്നില്ല.

ഐ.സി.എ.ഐയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും ചൗധരിയുടെ പേരുണ്ടെന്ന് ദ ക്വിന്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നവംബര്‍ 25, 26 ദിവസങ്ങളിലായി അബുദാബിയിലെ ഫെയര്‍മൗണ്ട് ബാബ് അല്‍ ബഹ്റില്‍ സംഘടിപ്പിക്കുന്ന ആന്വല്‍ ഇന്റര്‍നാഷണല്‍ സെമിനാറിലേക്ക് മുഖ്യാതിഥിയായാണ് സുധീര്‍ ചൗധരിയെ ക്ഷണിച്ചിരുന്നത്. പരിപാടിയുടെ പോസ്റ്റര്‍ പങ്കുവെച്ച് രാജകുമാരി ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

”ഒരു ഇസ്‌ലാമോഫോബിക്കിനെ സമാധാനപരമായ എന്റെ രാജ്യത്തേക്ക് ക്ഷണിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു,” എന്നായിരുന്നു ശനിയാഴ്ച പുറത്തുവിട്ട ട്വീറ്റില്‍ അല്‍ ഖാസിം ചോദിച്ചത്.

എന്തിനാണ് ഒരു ഭീകരവാദിയെ രാജ്യത്തേയ്ക്ക് കൊണ്ടുവരുന്നതെന്നും അവര്‍ ട്വീറ്റില്‍ ചോദിച്ചിരുന്നു. സുധീര്‍ ചൗധരി ഒരു തീവ്രവലതുപക്ഷ ഹിന്ദു അവതാരകനാണ്.

ഇന്ത്യയിലെ ഇരുപത് കോടി വരുന്ന മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ച് ഇസ്‌ലാമോഫോബിക് ആയ പരിപാടികളാണ് അയാള്‍ അവതരിപ്പിച്ചത്. ഇന്ത്യയൊന്നാകെ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് അയാളുടെ പ്രൈം ടൈം പരിപാടികള്‍ പലതും കാരണമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

”ഒരു ക്രിമിനല്‍ സമൂഹത്തില്‍ വിഷം കുത്തിവെയ്ക്കുമ്പോള്‍, അത് അക്രമം ക്ഷണിച്ച് വരുത്തും. വീടുകളും ബിസിനസ് സ്ഥാപനങ്ങളും പള്ളികളും അഗ്നിക്കിരയാകും.

ദളിത്, സിഖ് അടക്കമുള്ള ന്യൂനപക്ഷങ്ങളെ അപമാനിക്കുന്നതിനൊപ്പം മുസ്‌ലിം കൂട്ടക്കൊലയും ആരംഭിച്ചിട്ടുണ്ട്. പൊലീസുകാര്‍ അത് നോക്കിനില്‍ക്കുകയാണ്. ഇത്തരം വിദ്വേഷം യു.എ.ഇയില്‍ അനുവദിക്കാനാവില്ല,” ചൗധരിയെ വിമര്‍ശിച്ച് രാജകുമാരി ഞായറാഴ്ച ട്വിറ്ററില്‍ കുറിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: UAE princess claims that Indian journalist Sudhir Chaudhari ousted from Abu Dhabi ICAI event

We use cookies to give you the best possible experience. Learn more