ദോഹ: ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് രാജ്യം വിട്ട് ഖത്തറില്‍ അഭയം തേടിയതെന്ന് യു.എ.ഇ രാജകുമാരന്‍ ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ശര്‍ഖി. ഖത്തര്‍ അധികൃതരോടാണ് യു.എ.ഇ രാജകുമാരന്റെ വെളിപ്പെടുത്തലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മറ്റു എമിറേറ്റ് ഭരണാധികാരികള്‍ ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെടുത്തെന്നും റാഷിദ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. യെമനില്‍ യുദ്ധം തുടരുന്നത് സംബന്ധിച്ച് യു.എ.ഇ ഭരണാധികാരികള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും യെമനില്‍ നൂറില്‍ കൂടുതല്‍ യു.എ.ഇ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ തെറ്റാണെന്നും റാഷിദ് ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം ആരോപണങ്ങള്‍ക്ക് റാഷിദ് തെളിവുകളൊന്നും നല്‍കിയിട്ടില്ല. റാഷിദ് രാജകുമാരന്‍ ഖത്തറിലേക്ക് രക്ഷപ്പെട്ടുവെന്ന തരത്തില്‍ ജൂണില്‍ ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചന്ദന്‍ മിത്ര ബി.ജെ.പി വിടുന്നു; പയനീര്‍ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു
ഫുജൈറ അമീറിന്റെ രണ്ടാമത്തെ മകനാണ് റാഷിദ് ബിന്‍ ഹമാദ് അല്‍ ശര്‍ഖി. മെയ് 16നാണ് ഇയാള്‍ അപ്രതീക്ഷിതമായി ഖത്തറില്‍ അഭയം തേടിയത്. എമിറേറ്റ്സിലെ ഏഴു പ്രധാന രാജവാഴ്ചകളിലൊന്നായ ഫുജൈറ താരതമ്യേന ചെറുതും സമ്പത്ത് കുറഞ്ഞതുമായ എമിറേറ്റാണ്. ഫുജൈറ സര്‍ക്കാരിന്റെ മാധ്യമവിഭാഗം ചുമതല റാഷിദിനായിരുന്നു.
റാഷിദ് അഭയം തേടിയത് സംബന്ധിച്ച് യു.എ.ഇയോ ഖത്തറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും യു.എ.ഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷിന്റെ ട്വിറ്റര്‍ കുറിപ്പില്‍ റാഷിദിന്റെ പലായനത്തെ നേരിട്ടു പരാമര്‍ശിക്കാതെ വിമര്‍ശിച്ചിട്ടുണ്ട്. “ഒളിഞ്ഞിരുന്ന് അഭിമുഖങ്ങള്‍ നല്‍കുന്ന ഭീരുക്കള്‍ രാജകുടുംബാംഗങ്ങള്‍ക്കെതിരെ നടത്തുന്ന ഗൂഢാലോചന” എന്നാണ് ഗര്‍ഗാഷിന്റെ കുറിപ്പിലെ വാചകം.
യു.എ.ഇയുടെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് രാജകുടുംബത്തില്‍പ്പെട്ടയാള്‍ ഭരണകര്‍ത്താക്കള്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുന്നത്.
ഖത്തറിനെതിരെ സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തിലാണ് മറ്റു ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം ആരംഭിച്ചിരുന്നത്. സൗദി അറേബ്യ, ഈജിപ്ത്, ബഹറൈന്‍ എന്നിവരോടൊപ്പം യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പാടേ വിഛേദിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ മുഖ്യ എതിരാളിയായ ഇറാനുമായി സൗഹൃദം പുലര്‍ത്തുവെന്നും ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുമെന്നും ആരോപിച്ചായിരുന്നു ബഹിഷ്‌കരണം.
ഉപരോധത്തെ തുടര്‍ന്ന് യു.എ.ഇക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് ഖത്തര്‍ പറഞ്ഞിരുന്നു. യു.എ.ഇയാണ് ഖത്തറിനെതിരായ ഉപരോധം നയിച്ചതെന്നും ഖത്തര്‍ പൗരന്മാരെ യു.എ.ഇയില്‍ നിന്ന് പുറത്താക്കിയതും സ്വന്തം പൗരന്മാരോട് ഖത്തര്‍ വിടാന്‍ ആവശ്യപ്പെട്ടതും യാത്രനിരോധമേര്‍പ്പെടുത്തിയതുമെല്ലാം യു.എ.ഇ നടത്തിയ അവകാശ ലംഘനങ്ങളായി ഖത്തര്‍ ചൂണ്ടിക്കാണിച്ചിരുന്നു.