ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കും, എളുപ്പമുള്ളതും കഠിനമാക്കും; മോദിക്ക് പരോക്ഷ വിമര്‍ശനവുമായി യു.എ.ഇ പ്രധാനമന്ത്രി
Middle East
ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കും, എളുപ്പമുള്ളതും കഠിനമാക്കും; മോദിക്ക് പരോക്ഷ വിമര്‍ശനവുമായി യു.എ.ഇ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 9:38 am

ദുബായ്: ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കി തങ്ങളുടെ വാതില്‍ക്കലും മേശക്കരികിലും എത്തിക്കുന്നതില്‍ ആനന്ദം കണ്ടെത്തുമെന്ന്. യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ് ട്വീറ്റില്‍ പറയുന്നത്. ഒന്നാമത്തെ കൂട്ടര്‍ നന്മയുടെ ഭരണാധികാരികളാണെന്നും രണ്ടാമത്തെ കൂട്ടര്‍ എളുപ്പമുള്ളതും കഠിനമാക്കുന്നവരാണെന്നും ട്വീറ്റില്‍ പറയുന്നു. പ്രളയബാധിതമായ കേരളത്തിന് യു എ.ഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്.


Read Also : കേരളത്തെ ചേര്‍ത്ത് പിടിച്ച എന്‍.ഡി ടിവിക്ക് റേറ്റിംഗ് കൊടുത്ത് നന്ദി പറഞ്ഞ് മലയാളികള്‍


 

“ഭരണാധികാരികള്‍ രണ്ടു വിധത്തിലാണ്. നന്മയുടെ താക്കോലാണു ചില ഭരണാധികാരികള്‍. ജനങ്ങളെ സേവിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു. ചുറ്റുമുള്ളവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിലാണ് അവരുടെ സന്തോഷം. വീണ്ടും വീണ്ടും നല്‍കുന്നതിലാണ് അവര്‍ മൂല്യം കണ്ടെത്തുന്നത്”. ഷെയ്ഖ് മുഹമ്മദ് പറയുന്നു

മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണ് അവര്‍ ജീവിത നേട്ടമായി പരിഗണിക്കുന്നത്. അവര്‍ വാതിലുകള്‍ തുറക്കും, പ്രശ്‌നപരിഹാരം നല്‍കും, അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ നന്മ അന്വേഷിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു.

“രണ്ടാമത്തെ കൂട്ടര്‍ എളുപ്പമുള്ളതും കഠിനമാക്കും. എല്ലാത്തിനെയും വിലകുറച്ച് കാണും. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതാകും അവരുടെ നിര്‍ദ്ദേശങ്ങള്‍. ജനങ്ങളെ യാചകരാക്കി തങ്ങളുടെ വാതില്‍ക്കലും മേശക്കരികിലും എത്തിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തും. രണ്ടാമത്തെ വിഭാഗത്തെ മറികടക്കാന്‍ ഇച്ഛാശക്തിയുള്ള ഒന്നാമത്തെ കൂട്ടര്‍ ഭരിക്കുന്ന രാജ്യവും ഭരണവും മാത്രമേ വിജയിക്കൂ”. ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.