| Tuesday, 5th February 2019, 7:56 am

പാവങ്ങളുടെ ശബ്ദമാകാന്‍ മതങ്ങള്‍ക്കാകണം; ആയുധ വില്‍പ്പനയ്‌ക്കെതിരെ വിശ്വാസികള്‍ ഒരുമിക്കണമെന്ന് മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: സിറിയ,യമന്‍,ഇറാഖ്,ലിബിയ എന്നിവിടങ്ങളിലെ കെടുതികള്‍ ചൂണ്ടിക്കാട്ടി യുദ്ധവെറിക്കെതിരെ ശക്തമായ ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യു.എ.ഇ സ്ഥാപക സ്മാരകത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു പോപ്പ്.

സലാം പറഞ്ഞുകൊണ്ടായിരുന്നു പോപ്പ് പ്രഭാഷണം ആരംഭിച്ചത്. യുദ്ധങ്ങള്‍ക്കും ആയുധവില്‍പ്പനയ്ക്കുമെതിരെ വിശ്വാസികള്‍ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്തു. നീതി ഇല്ലാതെ സമാധാനം നിലനില്‍ക്കില്ലെന്നും ഓര്‍മിപ്പിച്ചു. പാവങ്ങളുടെ ശബ്ദമാകാന്‍ മതത്തിന് ആകണമെന്നും അദ്ദേഹം വിശദീകരിച്ചു.

ഹൃദയങ്ങളെ മനുഷ്യര്‍ പട്ടാളരഹിതമാക്കണം. യമന്‍, സിറിയ, ലിബിയ എന്നിവിടങ്ങളിലെ അനുഭവങ്ങളില്‍ പാഠം ഉള്‍കൊള്ളണം, അതിര്‍ത്തികളിലെ സേനാ സാന്നിധ്യം, ഉയരുന്ന മതില്‍കെട്ടുകള്‍, ബന്ധങ്ങളെ പണത്തിനായി ദുരുപയോഗം ചെയ്യല്‍ എന്നിവ ഇല്ലാതാക്കാന്‍ വിശ്വാസികള്‍ മുന്‍കൈയ്യെടുക്കണമെന്നും ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് ത്വയ്യിബും സംസാരിച്ചിരുന്നു. മാനവസാഹോദര്യ രേഖയില്‍ മാര്‍പാപ്പ ഒപ്പുവെച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും വേദിയില്‍ സന്നിഹിതരായി.

We use cookies to give you the best possible experience. Learn more