അബുദാബി: അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യവസായിയായ റാഷിദ് അല്‍ മാലികിന് യു.എ.ഇ ഭരണകൂടം പണം നല്‍കിയെന്ന് ദ ഇന്റര്‍സെപ്റ്റ്. 2017ല്‍ ഓരോ മാസവും ആയിരക്കണക്കിന് ഡോളറാണ് ട്രംപ് ഭരണകൂടത്തില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി മാലികിന് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്ക് ലഭിക്കുന്ന വിവരങ്ങള്‍ മാലിക് യു.എ.ഇയുടെ സുരക്ഷാ ഏജന്‍സി നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസിനാണ് കൈമാറിയിരുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ ഉപരോധത്തില്‍ യു.എസിന്റെ താല്‍പര്യം, യു.എസ് അധികൃതരുമായി സൗദി അറേബ്യയുടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ചര്‍ച്ചകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു മാലിക് ശേഖരിച്ചിരുന്നത്.
‘ട്രംപ് ഭരണകൂടത്തിന്റെ മുസ്‌ലിം വിഭാഗങ്ങളോടുള്ള സമീപനം പോലെ ,യു.എ.ഇയെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മാലികിനെ ചുമതലപ്പെടുത്തയത്’- റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വാര്‍ത്ത മാലിക് നിഷേധിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ അറിയാനായി മാലികിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ പ്രതികരണം.
ഇതിനെക്കുറിച്ച് സി.ഐ.എയോ, നീതിന്യായ വകുപ്പോ, വൈറ്റ് ഹൗസോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ അറിവില്ലാതെ അമേരിക്കന്‍ മണ്ണില്‍ നയതന്ത്ര ഉദ്യോഗസ്ഥനല്ലാത്ത മറ്റൊരാള്‍ക്കും വിദേശ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവകാശമില്ല.