ദുബൈ: തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിൽ 84 പേരുടെ വിചാരണ ആരംഭിക്കാൻ ഉത്തരവിട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ). അറ്റോർണി ജനറൽ വിചാരണയ്ക്ക് ഉത്തരവിട്ട 84 പേരിൽ ഭൂരിഭാഗം ആളുകളും ഭീകരവാദ സംഘടനയായ മുസ്‍ലിം ബ്രദർഹുഡ് പ്രവർത്തകർ ആണെന്ന് എമിറേറ്റ്സ് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
യു.എ.ഇ മണ്ണിൽ അക്രമവും ഭീകരവാദ പ്രവർത്തനവും നടത്തുന്നതിനായി പുതിയൊരു രഹസ്യ സംഘടന രൂപീകരിച്ചു എന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റം.
സംസ്ഥാന സുരക്ഷാ കോടതി സാക്ഷി മൊഴികൾ കേൾക്കാൻ തുടങ്ങിയെന്നും, പൊതുവിചാരണ നടപടികൾ പുരോഗമിക്കുകയാണെന്നും എമിറേറ്റ്സ് അധികൃതർ പറഞ്ഞു. കൂടാതെ പ്രതികൾക്ക് നിയമപരമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
മുസ്‍ലിം ബ്രദർഹുഡുമായ് ബന്ധം ആരോപിച്ച് 94 സർക്കാർ വിമർശകരെയും, ആക്ടിവിസ്റ്റുകളെയും, അഭിഭാഷകരെയും കൂടാതെ വിദ്യാർത്ഥികളെയും വിചാരണ ചെയ്ത് 10 വർഷം പിന്നിടുമ്പോഴാണ് വീണ്ടുമിത്തരത്തിലൊരു വിചാരണ നടക്കുന്നത്.
2013ലെ വിചാരണയിൽ 69 ആളുകളെ ജയിലിൽ അടച്ചിരുന്നു, അതിൽ ഒരുപാട് ആളുകൾ ഇപ്പോഴും ജയിലിലാണ്. ചിലർക്കെതിരെ ഈ വിചാരണയിലും കുറ്റം ചുമത്തുമെന്ന് എമിറേറ്റ് വാർത്താ ഏജൻസി അറിയിച്ചു.
2013ൽ പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുന്നതിന് മുമ്പ് ഇവർ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നുവെന്നും അതിന്റെ തെളിവുകൾ മറച്ചുവെക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസി കൂട്ടിച്ചേർത്തു.
ആറുമാസത്തെ അന്വേഷണത്തിൽ പുതിയ വിചാരണ തുടരാനുള്ള മതിയായ തെളിവുകൾ അറ്റോണി ജനറലിന് ലഭിച്ചെന്ന് വാർത്താ ഏജൻസി പറയുന്നു.
2010ൽ ഒരു സ്വതന്ത്ര സംഘം രൂപീകരിച്ചതിന് പ്രതികാരമായാണ് കുറ്റാരോപിതർ പീഡിപ്പിക്കപ്പെടുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു. അമേരിക്കൻ ഇടതുപക്ഷ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നത് പ്രകാരം മനുഷ്യാവകാശ പ്രവർത്തകൻ അഹമ്മദ് മൻസൂർ ഉൾപ്പെടെ തടവിലാക്കപ്പെട്ട മറ്റു വിമതർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
നവമാധ്യമങ്ങൾ വഴി രാജ്യത്തിനെയും സർക്കാരിനെയും വിമർശിച്ചു എന്ന് ആരോപിച്ച് 2018ൽ ആയിരുന്നു അഹമ്മദ് മൻസൂറിനെ 10 വർഷത്തേക്ക് ജയിലിൽ അടച്ചത്.
ഒരു ദശകത്തിന് മുൻപുണ്ടായ സമാധാനപരമായ പ്രവർത്തനങ്ങളുടെ പേരിൽ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് മനുഷ്യരെ തടവിലാക്കാനുള്ള നാണംകെട്ട കാരണമല്ലാതെ മറ്റൊന്നുമല്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് മേഖല ഉപമേധാവി മൈക്കൽ പേജ് പറഞ്ഞു.
ഈജിപ്തിൽ രൂപം കൊണ്ട മുസ്‍ലിം ബ്രദർഹുഡ് എന്ന തീവ്രവാദ സംഘടനയെ ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനോടകം വിലക്കിയിട്ടുണ്ട്.
Content Highlights: UAE orders trial of 84 on terrorism charges