| Tuesday, 12th January 2021, 2:10 pm

തുര്‍ക്കിക്കൊപ്പം ചേരാന്‍ തയ്യാറെന്ന് യു.എ.ഇ; പശ്ചിമേഷ്യയിലെ സമവാക്യങ്ങള്‍ മാറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: തുര്‍ക്കിയുമായി നയതന്ത്ര ബന്ധത്തിന് യു.എ.ഇ തയ്യാറെടുക്കുന്നുവെന്ന് യു.എ.ഇയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍.

ഇരുരാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ളതായിരിക്കും നയതന്ത്ര നീക്കങ്ങള്‍ എന്ന് യു.എ.ഇയുടെ വിദേശകാര്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. അതേസമയം മുസ്‌ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നത് നിര്‍ത്തണമെന്ന് തുര്‍ക്കിയോട് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

”ഞങ്ങള്‍ക്ക് തുര്‍ക്കിയുമായി അതിര്‍ത്തി പ്രശ്‌നങ്ങളോ മറ്റ് ഗൗരവമായ തര്‍ക്കങ്ങളോ നിലനില്‍ക്കുന്നില്ല,” എന്ന് ഗര്‍ഗാഷ് സ്‌കൈ ന്യൂസ് അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തുര്‍ക്കി മുസ്‌ലിം ബ്രദര്‍ഹുഡിനുളള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം യു.എ.ഇ വിദേശകാര്യമന്ത്രി ലിബിയയിലെ യുദ്ധവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെക്കുറിച്ച് പ്രതികരണത്തിന് തയ്യാറായില്ല. നാറ്റോ പിന്തുണയോടെയുള്ള സൈന്യം മുഹമ്മദ് ഗദ്ദാഫിയെ പുറത്താക്കിയതിന് ശേഷം ലിബിയയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

യു.എ.ഇ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെയാണ് തുര്‍ക്കിയോടുള്ള നിലപാടും വ്യക്തമാക്കി യു.എ.ഇ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം യു.എ.ഇ നയം സൗദി അറേബ്യ എങ്ങിനെ സ്വീകരിക്കുമെന്നത് വ്യക്തമല്ല.

ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ തുര്‍ക്കിയും ഇറാനുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്ന നിലപാട് ഖത്തര്‍ എടുത്തിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നതിന് മുന്‍പ് തുര്‍ക്കിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ വാങ്ങിയതിന്റെ പേരിലാണ് തുര്‍ക്കിക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ അമേരിക്ക സ്വീകരിച്ചത്.

ഉപരോധത്തിന്റെ ഭാഗമായി തുര്‍ക്കിയുടെ മിലിട്ടറി വകുപ്പിന് നല്‍കിയിരുന്ന എല്ലാ എക്സ്പോര്‍ട്ട് ലൈസന്‍സുകളും സാമ്പത്തിക സഹായവും യു.എസ് നിരോധിക്കുകയായിരുന്നു. തുര്‍ക്കി മിലിട്ടറി വകുപ്പ് തലവനായ ഇസ്മായില്‍ ഡെമിറിന് സഞ്ചാര വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

]

Content Highlight: UAE open to normalising relations with Turkey, top diplomat says

We use cookies to give you the best possible experience. Learn more