| Thursday, 11th June 2020, 6:55 pm

'ഞങ്ങള്‍ക്കവരെ ആവശ്യമാണ്, മഹാമാരി ഇല്ലാതാവുമ്പോള്‍ ഖേദിക്കും ; കുവൈറ്റ് പ്രവാസികളെ ഒഴിവാക്കുന്നതില്‍ യു.എ.ഇയുടെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിദഗ്ധരായ പ്രവാസികളെ ആവശ്യമാണെന്നും ഇവരെ രാജ്യത്ത് നിലനിര്‍ത്താന്‍ താല്‍പര്യപ്പെടുന്നെന്നും യു.എ.ഇ മന്ത്രാലയം. യു.എ.ഇ അടിസ്ഥാന സൗകര്യ വികസന മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയ്ക്കാനുള്ള കുവൈറ്റിന്റെ പദ്ധതികള്‍ പരാമര്‍ശിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി.

‘ ഞങ്ങള്‍ വിശ്വസിക്കുന്നത് യു.എ.ഇ വിദഗ്ധരായ പ്രവാസികളുടെ ഇടമാണെന്നാണ്. ഞങ്ങള്‍ക്കവരെ തീര്‍ച്ചയായും വേണം. ഈ മഹാമാരി കുറേക്കാലം ഇവിടെ ഉണ്ടാവാന്‍ പോവുന്നില്ല. ലോകം തീര്‍ച്ചയായും ഈ മഹാമാരിക്ക് പുറത്തുകടക്കും. അപ്പോള്‍ നമ്മള്‍ വിദഗ്ധരായ തൊഴിലാളികളെ ഒഴിവാക്കിയതില്‍ ഖേദിക്കും. ഞങ്ങള്‍ അവരെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു,’ യു.എ.ഇ അടിസ്ഥാന വികസന സൗകര്യമന്ത്രി അബ്ദുല്ല മുഹമ്മദ് അല്‍ നുആമി ബ്ലുംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രവാസികള്‍ അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ നീണ്ട അവധി എടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷത്തിലേറെ പ്രവാസികളാണ് യു.എ.ഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്നാണ് 2019 ലെ കണക്കു വ്യക്തമാക്കുന്നത്.

കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും ഉള്‍പ്പെടെയുള്ള എണ്ണ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നത് 2020-21 വര്‍ഷങ്ങളില്‍ നിര്‍ത്തിവെക്കുമെന്നും ഇവരുടെ നിലവിലെ എണ്ണം കുറയ്ക്കുമെന്നും കുവൈറ്റിലെ എണ്ണ മന്ത്രിയും ആക്ടിംഗ് വൈദ്യുതി ജലമന്ത്രിയുമായ ഡോ. ഖാലിദ് അല്‍ ഫാദെല്‍ ബുധനാഴ്ച പറഞ്ഞിരുന്നു.

ആഗോള വാണിജ്യരംഗവും, ടൂറിസം, ബിസിനസ് രംഗവും ആശ്രയിച്ചുള്ള സാമ്പത്തിക മേഖലയുള്ള യു.എ.ഇക്ക് രാജ്യത്തുള്ള വിദേശികള്‍ അവരുടെ ബിസിനസുകള്‍ ഉപേക്ഷിച്ച് മടങ്ങുന്നത് പ്രതികൂലമായി ബാധിക്കും. വിദേശികള്‍ മടങ്ങിയാല്‍ യു.എ.ഇ വിദ്യഭ്യാസ രംഗം, ടൂറിസം പോലുള്ള മേഖലകളില്‍ നിന്നു ലഭിക്കുന്ന വരുമാനം നിലക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more