| Tuesday, 9th November 2021, 2:52 pm

ശരീഅത്തില്‍ നിന്ന് ടൂറിസത്തിലേക്ക് നീങ്ങുന്ന യു.എ.ഇ

അനുഷ ആന്‍ഡ്രൂസ്

ഇസ്‌ലാമിക രാഷ്ട്രമായ യു.എ.ഇയില്‍ മുസ്‌ലിങ്ങളല്ലാത്തവര്‍ക്കും പ്രത്യേക വ്യക്തിനിയമം അനുവദിച്ചുകൊണ്ടുള്ള നിയമപരിഷ്‌കാരം നടപ്പില്‍ വന്നത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. യു.എ.ഇയിലെ പുതിയ സിവില്‍ നിയമമനുസരിച്ച് ഇസ്‌ലാം ഇതര മതസ്ഥര്‍ക്കും ഇനി മുതല്‍ വിവാഹം, വിവാഹമോചനം, ജീവനാംശം, അനന്തരാവകാശം, പിതൃത്വം തെളിയിക്കല്‍, ശിശുസംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേക വ്യക്തിനിയമത്തിന്റെ പരിരക്ഷ ലഭിക്കും. ഇതിന് വേണ്ടി ഒരേ സമയം അറബിയിലും ഇംഗ്ലീഷിലും പ്രവര്‍ത്തിക്കുന്ന കോടതിയും അബുദാബി കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തന സജ്ജമാക്കുമെന്നും യു.എ.ഇ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അബുദാബി ഷെയ്ഖും യു.എ.ഇ പ്രസിഡണ്ടുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് പുറപ്പെടുവിച്ച ഉത്തരവാണ് മറ്റ് മതസ്ഥര്‍ക്ക് ആശ്വാസ വാര്‍ത്തയായിരിക്കുന്നത്. മദ്യത്തിന്റെ ഉപയോഗം, വിവാഹേതര ലൈംഗികത തുടങ്ങിയവയെ ശിക്ഷാര്‍ഹമായി കണ്ടിരുന്ന യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം ഇതെല്ലാം ക്രിമിനല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതും നേരത്തെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലത് രാഷ്ട്രങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്ന കടുംപിടിത്തങ്ങളില്‍ വരുത്തുന്ന ഇത്തരം അയവുകള്‍ ലോകത്തിനാകെ പ്രതീക്ഷ പകരുന്നതാണ്.

ഇതുവരെ ഇസ്‌ലാമിക ശരീഅത്ത് നിയമമനുസരിച്ചായിരുന്നു യു.എ.ഇയില്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും നടന്നിരുന്നത്. ഇനി മുതല്‍ മുസ്‌ലിങ്ങളല്ലാത്തവര്‍ക്കും സവിശേഷ വ്യക്തിനിയമം അനുവദിക്കുമെന്നും വിവാഹേതര ബന്ധങ്ങളും മദ്യ ഉപയോഗവുമൊന്നും കുറ്റകരമല്ല എന്നും പ്രഖ്യാപിക്കുന്നതിലൂടെ ആഗോള തലത്തിലുള്ള തങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തലുകള്‍.

യു.എ.ഇയില്‍ പുരോഗമനപരമനായ നിയമപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനെ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. സമീപകാലത്ത് ധാരാളം മാറ്റങ്ങള്‍ക്കാണ് യു.എ.ഇ വിധേയമായത്. ലോകത്ത് ഇന്ന് ടൂറിസത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് യു.എ.ഇ. മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും പ്രശസ്തരായ വ്യക്തികള്‍ക്കും ഗോള്‍ഡന്‍ വിസ അടക്കമുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കുന്ന പദ്ധതി യു.എ.ഇ ഈയിടെ നടപ്പിലാക്കിയിരുന്നു. വിദേശ നിക്ഷേപങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കുന്ന നിരവധി നടപടികള്‍ സമീപകാലത്ത് യു.എ.ഇ സ്വീകരിച്ചിട്ടുണ്ട്.

ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം നില്‍ക്കാതെ ശരീഅത്തിലിധിഷ്ഠിതമായ കര്‍ശന ഭരണവ്യവസ്ഥകളുമായി നിലകൊണ്ട അറബ് രാഷ്ട്രങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ ഇത്തരം നീക്കങ്ങള്‍ പ്രശംസിക്കപ്പെടുന്നത്. ആധുനിക ലോകത്തെ ജനാധിപത്യ മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ നിരന്തരം വികസിക്കുകയാണ്. അപ്പോഴും അത്തരം സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ, ക്രൂരമായ ശിക്ഷാനടപടികളക്കമുള്ള ശരീഅത്ത് നിയമങ്ങളെ രാജ്യങ്ങള്‍ അവരുടെ പൊതുഭരണ ക്രമങ്ങളുടെ ഭാഗമായി നിര്‍ത്തുന്നതില്‍ ജനാധിപത്യവാദികള്‍ നിരന്തരം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആന്‍, പ്രവാചക ചര്യയായ സുന്നത്ത്, പ്രവാചകന്റെ വാക്കുകള്‍ രേഖപ്പെടുത്തപ്പെട്ട ഹദീസുകള്‍ എന്നിവയാണ് ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനം എന്നാണ് കരുതപ്പെടുന്നത്. ശരീഅത്ത് നിയമം അതേ രീതിയില്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട്, കൈകാലുകള്‍ വെട്ടുക, ശിരച്ഛേദം ചെയ്യുക, കല്ലെറിഞ്ഞ് കൊല്ലുക, എന്നീ കടുത്ത ശിക്ഷാ നടപടികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ശരീഅത്ത് നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. കടുത്ത ശിക്ഷാ നടപടികളുള്ള ഗുരുതര കുറ്റങ്ങളെ ‘ഹദ്ദ്’എന്നും, ന്യായാധിപന്റെ വിവേചനാധികാരത്തില്‍ വരുന്ന കുറ്റകൃത്യങ്ങളെ ‘തസ്സീര്‍’ എന്നുമാണ് വില്‍ക്കുന്നത്. ശരീഅത്ത് നിയമങ്ങള്‍ നടപ്പിലുള്ള രാജ്യങ്ങളില്‍ അവിടുത്തെ പൗരന്‍മാര്‍ക്ക് ധാരാളം കാര്യങ്ങളില്‍ നിയന്ത്രണങ്ങളുമുണ്ടാകാറുണ്ട്.

നിയമ പരിരക്ഷയുള്ള ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ താമസിക്കുന്ന ഇതര മതസ്ഥനെ ശരീഅത്ത് വ്യവസ്ഥ പ്രകാരം ‘ദിമ്മി’ അഥവാ ‘മുആഹിത്’ എന്നാണ് വിഷേഷിപ്പിക്കാറ്. ‘സംരക്ഷിത വ്യക്തി’ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. മുസ്‌ലിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ചില സവിശേഷ അവകാശങ്ങളില്‍ നിന്നും ചുമതലകളില്‍ നിന്നും ഇതര മതസ്ഥര്‍ പുറത്താണ്. പരസ്യമായി നടത്തുന്ന പ്രാര്‍ത്ഥനാ ചടങ്ങുകളോ ഉച്ഛഭാഷിണിയോ ഇവര്‍ക്ക് നിഷിദ്ധമാണ്. ചിലയിടങ്ങളില്‍ ദിമ്മികള്‍ അവരുടെ വീടുകള്‍ അടയാളപ്പെടുത്തണം എന്നും നിര്‍ദേശമുണ്ട്. മാത്രമല്ല മതനിന്ദ, വിശ്വാസത്യാഗം, മതപരിവര്‍ത്തനം എന്നിവയ്ക്കുള്ള ശിക്ഷ ശരീഅത്ത് നിയമം അനുസരിച്ച് വധശിക്ഷയാണ്. ഖുര്‍ആന്‍ അല്ലാതെയുള്ള മറ്റ് മതഗ്രന്ഥങ്ങള്‍ ഇവര്‍ കൈവശം സുക്ഷിക്കുന്നതും കടുത്ത ശിക്ഷകള്‍ക്കാണ് വഴിവെക്കുന്നത്്.

പലപ്പോഴും സത്രീകളാണ് ശരീഅത്ത് നിയമത്തിന്റെ ഏറ്റവും വലിയ ഇരകള്‍. ശരീഅത്ത് നിയമപ്രകാരം നടപ്പാക്കപ്പെടുന്ന ശിക്ഷകളില്‍ ഏറ്റവും ക്രൂരമായത് വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടവരെ ‘വ്യഭിചാരം’ ആരോപിച്ചുകൊണ്ട് കല്ലെറിഞ്ഞുകൊല്ലുന്ന രീതിയാണ്. ചരിത്രകാലം മുതലിങ്ങോട്ട് ബഹുഭൂരിപക്ഷവും സ്ത്രീകളാണ് ഈ രീതിയില്‍ കല്ലെറിഞ്ഞുകൊല്ലപ്പെടുന്നത്. സുഡാന്‍, പാക്കിസ്ഥാന്‍, ഇറാന്‍, ഇന്തൊനേഷ്യ, സൗദി അറേബ്യ, യു.എ.ഇ നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ കല്ലെറിഞ്ഞുകൊല്ലല്‍ നിയമത്തിന്റെ ഭാഗമാണ്. പാക്കിസ്ഥാനിലും സുഡാനിലും യു.എ.ഇയിലുമൊക്കെ 2010 ന് ശേഷവും കല്ലെറിഞ്ഞുകൊല്ലുന്ന ശിക്ഷ പല തവണ നടപ്പാക്കിയിട്ടുണ്ട്.

2009 നും 2014 നും ഇടയില്‍ യു.എ.ഇയില്‍ നടന്ന കല്ലെറിഞ്ഞുള്ള കൊലകള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിനിടെയാണ് 2018ല്‍ ദുബായി ഭരണാധികാരി മുഹമദ്ദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ മകള്‍ തന്റെ പിതാവ് തന്നെ ബന്ധിയാക്കി വെച്ചിരിക്കുകയാണ് എന്നും തന്റെ ജീവനെകുറിച്ച് ഭയമുണ്ട് എന്നും ആരോപിക്കുന്ന വീഡിയോ പുറത്തുവന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും യു.എ.ഇയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ആഗോളതലത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. ഇത്തരം പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ നിലവിലെ നിയമപരിഷ്‌കാരങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സത്രീകളുടെ ഡ്രൈവിംഗിനുള്ള അനുമതി നല്‍കുക, നമസ്‌കാര സമയത്ത് കടയടപ്പിക്കുന്നത് അവസാനിപ്പിക്കുക, പൊതുസ്ഥലത്ത് വധ ശിക്ഷ നടപ്പാക്കുന്നതില്‍ പിന്‍മാറുക തുടങ്ങിയ കാര്യങ്ങളിലൂടെ സൗദി അറേബ്യയും ഏതാനും മാറ്റങ്ങള്‍ക്ക് നേരത്തെ തുടക്കമിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UAE moving from Shariah to tourism

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.

We use cookies to give you the best possible experience. Learn more