| Saturday, 7th November 2020, 10:14 pm

അവിവാഹിതരായവര്‍ക്ക് ഒന്നിച്ച് താമസിക്കാം, 21 വയസ്സു പൂര്‍ത്തിയായവരുടെ മദ്യപാനം കുറ്റകരമല്ല: നിയമ പരിഷ്‌കാരങ്ങളുമായി യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യു.എ.ഇ. 21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് എന്നിവ കുറ്റകരമല്ലാതാക്കി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്.

ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും.

സ്ത്രീകളെ ഉപദ്രവിക്കുന്ന പ്രതി ബന്ധുവായ പുരുഷനാണെങ്കില്‍ കുറഞ്ഞശിക്ഷ നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ഈ രീതി മാറും. എല്ലാം കുറ്റകൃത്യമായി കണ്ട് ശിക്ഷ നല്‍കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ തന്നെ ഏര്‍പ്പെടുത്തും.

നിലവില്‍ മദ്യപാനത്തിന് വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത നിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. മദ്യപാനം സ്വകാര്യമായിട്ടോ അല്ലെങ്കില്‍ ലൈസന്‍സുള്ള ഇടങ്ങളിലോ ആകണം, മദ്യപിക്കുന്ന വ്യക്തിയ്ക്ക് 21 വയസ്സ് കഴിഞ്ഞിരിക്കണം എന്ന നിബന്ധന മാത്രമാണ് ഇനിയുണ്ടാകുക.

മദ്യപിച്ചതിന്റെ പേരില്‍ യു.എ.ഇയില്‍ കേസെടുക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ മറ്റൊരു കുറ്റത്തിന് അറസ്റ്റിലാകുകയും അയാള്‍ ലൈസന്‍സില്ലാതെ മദ്യം കഴിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

അതോടൊപ്പം പ്രവാസികളുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ ഇരൂന്നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരാണ് യു.എ.ഇയില്‍ താമസിക്കുന്നത്.

മാതൃരാജ്യത്ത് വിവാഹിതരാകുകയും യു.എ.ഇയില്‍ വെച്ച് വിവാഹമോചിതരാകുകയും ചെയ്യുന്ന ദമ്പതികള്‍ക്ക് അവരുടെ രാജ്യത്തെ നിയമമായിരിക്കും ബാധകമാകുക.

നിലവിലെ വില്‍പത്രങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുത്തും. അറബി ഭാഷ സംസാരിക്കാത്ത പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കായി വിവര്‍ത്തകരെ അനുവദിക്കണമെന്നും പുതിയ പരിഷ്‌കാരത്തില്‍ പറയുന്നു. അറബി സംസാരിക്കാത്ത പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതിയില്‍ വിവര്‍ത്തകരെ നല്‍കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: UAE Law Reforms

We use cookies to give you the best possible experience. Learn more