| Saturday, 25th April 2020, 1:03 pm

'റമദാന്‍ വിരുന്നുകള്‍ക്ക് നിയന്ത്രണം'; കൊവിഡിനിടയില്‍ റമദാന്‍ കാലത്തെ നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് നിയന്ത്രണ നടപടികളില്‍ ഇളവു വരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ മുന്‍കരുതലുകളുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശമിറക്കി യു.എ.ഇ. റമദാന്‍ കാലത്ത് പാലിക്കേണ്ട മുന്‍കരുതലുകളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ ദുരന്തനിവാരണ സമിതിയാണ് (NCEMA) ആണ് മാര്‍ഗ നിര്‍ദ്ദേശം ഇറക്കിയിരിക്കുന്നത്.

ഇതില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

പൊതു, സ്വാകാര്യ സ്ഥലങ്ങളില്‍ ഒത്തു കൂടരുത്.

ഒരു സ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടാന്‍ പാടില്ല.

പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്.

ചാരിറ്റി സംഘടനകള്‍ മുഖേനയോ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ അല്ലാതെ ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ല.

റമദാന്‍ കാലത്ത് വീടുകളിലും പൊതുസ്ഥലങ്ങളിലുമുള്ള കൂടാര വിരുന്നുകള്‍ നിരോധിച്ചിരിക്കുന്നു.

ഒരേ സ്ഥലത്ത് താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ വീടുകളില്‍ തന്നെ തറാവീഹ് ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ നടത്തണം.

വ്യായാമത്തിനിറങ്ങുന്നവര്‍ക്ക് വീടിനടുത്ത് രണ്ടു മണിക്കൂര്‍ സമയം അനുവദിക്കും.

വ്യത്യസ്ത വീടുകളില്‍ പരസ്പരം ഭക്ഷണം പങ്കു വെക്കരുത്. സുഹൃത്തുകളുടെ ബന്ധുക്കളുടെയോ വീടുകളില്‍ നിന്നും ഭക്ഷണം സ്വീകരിക്കുന്നവര്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കുക.

വീട്ടു ജോലിക്കാര്‍ക്ക് ആവശ്യമായ സുരക്ഷ സജ്ജീകരണങ്ങള്‍ ഉറപ്പാക്കണം. അറിയാത്ത ആളുകളില്‍ നിന്നും ഇവര്‍ ഭക്ഷണം സ്വീകരിക്കരുത്.
ഇതിനൊപ്പം മറ്റു മുന്‍കരുതലുകളായ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകല്‍, ഹസ്തദാനം ഒഴിവാക്കല്‍ എന്നിവയും സ്വീകരിക്കണം.

റമദാന്‍ മാസം കണക്കിലെടുത്താണ് യു.എ.ഇ 24 മണിക്കൂര്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചത്. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണിവരെയാണ് പുതിയ ലോക്ഡൗണ്‍ സമയം.

യു.എ.ഇയില്‍ ഇതുവരെ  9281 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1760 പേര്‍ക്ക് രോഗം ഭേദമായി.

We use cookies to give you the best possible experience. Learn more