ദുബായ്: കേന്ദ്രം സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യയുടെ എയര്‍ ഇന്ത്യ വാങ്ങാന്‍ യു.എ.യില്‍ നിക്ഷേപകര്‍ക്കും താത്പര്യം. എയര്‍ ഇന്ത്യ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ബിഡ് മെയ് മാസത്തില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി പറഞ്ഞിരുന്നു.
സാമ്പത്തിക ബിഡ്ഡുകളുടെ കാര്യത്തിലും മെയ് മാസത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.എ.ഇ നിക്ഷേപകരും എയര്‍ ഇന്ത്യ വാങ്ങാന്‍ താത്പര്യം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
എയര്‍ ഇന്ത്യ വാങ്ങാനായി ടാറ്റാ സണ്‍സും സ്‌പൈസ് ജെറ്റിന്റെ പ്രമോട്ടര്‍ അജയ് സിംഗും ലേലം വിളിക്കാന്‍ സാധ്യതയുള്ളതായി വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.
അജയ് സിംഗ് റാസ് അല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമായും ദല്‍ഹി ആസ്ഥാനമായുള്ള ബേര്‍ഡ് ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍ അങ്കുര്‍ ഭാട്ടിയയുമായി സംയുക്തമായി എയര്‍ ഇന്ത്യയ്ക്കായി ലേലം വിളിക്കുമെന്നാണ് സൂചന.
രണ്ട് ഘട്ടങ്ങളായാണ് ലേലത്തിന്റെ പ്രക്രിയകള്‍ തിരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ താത്പര്യ പത്രം സമര്‍പ്പിക്കും. ഇവയുടെ അടിസ്ഥാനത്തില്‍ ഷോട്ട് ലിസ്റ്റ് തയ്യാറാക്കുക.രണ്ടാം ഘട്ടത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്തവരില്‍ നിന്നും പ്രപ്പോസല്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും ബിഡ്ഡിങ്ങ് നടക്കുക. എസ്സാറും, ഫാല്‍ക്കണ്‍ ടയറിന്റെ പവാന്‍ റൂയിയയും എയര്‍ ഇന്ത്യക്ക് വേണ്ടി മുന്നോട്ട് വന്നേക്കും.