കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുമ്പ് ജമാല്‍ ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവിന്റെ ഫോണില്‍ യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സി പെഗാസസ് സ്ഥാപിച്ചു; റിപ്പോര്‍ട്ട്
World News
കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുമ്പ് ജമാല്‍ ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവിന്റെ ഫോണില്‍ യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സി പെഗാസസ് സ്ഥാപിച്ചു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd December 2021, 9:34 am

ദുബായ്: കൊല്ലപ്പെട്ട സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്നയാളുടെ ഫോണില്‍ യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സി ചാര സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്.

ഇസ്രഈലി കമ്പനി എന്‍.എസ്.ഒ നിര്‍മിച്ച പെഗാസസ് സ്‌പൈവെയറാണ് ഖഷോഗ്ജിയുടെ കൊലപാതകത്തിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഇവരുടെ ഫോണില്‍ സ്ഥാപിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അന്നത്തെ ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹനാന്‍ എലട്രിന്റെ ഫോണിലായിരുന്നു 2018 ഏപ്രിലില്‍ അവര്‍ യു.എ.ഇയുടെ കസ്റ്റഡിയിലായിരിക്കെ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചത്.

2018 ഏപ്രിലില്‍ ദുബായ് വിമാനത്താവളത്തിലിറങ്ങിയ എലട്രിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് മുമ്പായി അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്റെ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍, ലാപ്‌ടോപ്, അവയുടെ പാസ്‌വേഡുകള്‍ എന്നിവ കൈമാറിയിരുന്നു.

ഇസ്‌ലാമിക് മതാചാരപ്രകാരം താനും ഖഷോഗ്ജിയും 2018 ജൂണില്‍ വിവാഹിതരായവരാണ് എന്നായിരുന്നു എലട്ര് പറഞ്ഞത്.

ഇതോടെ സൗദിക്ക് പുറമെ, ഖഷോഗ്ജിയുടെ വധത്തില്‍ യു.എ.ഇക്കും പെഗാസസിനുമുള്ള പങ്കിനെക്കുറിച്ചും സംശയമുയര്‍ന്നിരിക്കുകയാണ്.

സൗദി അറേബ്യന്‍ ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന ജമാല്‍ അഹ്മദ് ഖഷോഗ്ജിയെ 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളായിരുന്നു ഖഷോഗ്ജിയെ വധിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനേയും നിരന്തരം വിമര്‍ശിക്കുകയും സൗദിയുടെ യമന്‍ ഇടപെടലിനെ എതിര്‍ക്കുകയും ചെയ്തിരുന്നയാളായിരുന്നു ഖഷോഗ്ജി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: UAE government agency placed pegasus spyware on the phone of Jamal Khashoggi’s fiancee