| Friday, 24th August 2018, 7:55 pm

യു.എ.ഇയുടെ സഹായത്തില്‍ അവ്യക്തതയില്ല; സഹായം വേണോ വേണ്ടയോ എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കണം: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയ ദുരിതം നേരിടാന്‍ കേരളത്തിനു യു.എ.ഇ നല്‍കാമെന്നേറ്റ 700 കോടിയുടെ സഹായത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇ ഭരണാധികാരി സംസാരിച്ചത് പ്രധാനമന്ത്രിയോടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എം.എ യൂസഫലിയാണ് സഹായത്തിന്റെ കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചത്. സഹായം വേണോ വേണ്ടയോ എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നിലവില്‍ 2287 ദുരിതാശ്വാസ ക്യാമ്പുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ ക്യാമ്പുകളിലായി 8,69,224 പേരാണ് നിലവിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആള്‍ക്കാര്‍ വീടുകളിലേക്ക് പോകുന്നത് വര്‍ധിച്ചിട്ടുണ്ട്. 7000 വീടുകള്‍ പൂര്‍ണമായും നശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം പ്രഖ്യാപിച്ചു.

Read:  700 കോടിയുടെ കണക്ക് എവിടെനിന്ന് വന്നുവെന്ന് അന്വേഷിക്കും: കേന്ദ്രസര്‍ക്കാര്‍

തുക ബാങ്ക് അക്കൗണ്ട് വഴിയാകും കൈമാറുക. ഇതിനായി അക്കൗണ്ട് വിവരങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. നഷ്ടമായ രേഖകള്‍ തിരിച്ചുകിട്ടാന്‍ അദാലത്തുകളുണ്ടാകുമെന്നും അടുത്തമാസം ആദ്യം മുതല്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ കാണിക്കാന്‍ ഐ.ടി സംവിധാനമുണ്ടാകും.

നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. 23.36 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ ശരിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. മലിന്യങ്ങള്‍ പുഴയില്‍ തള്ളരുത്.

ശുചീകരണം നടത്തിയില്ലെങ്കില്‍ നാടിനെ ബാധിക്കും. മാലിന്യ സംസ്‌കരണത്തിനുള്ള ചുമതല ക്ലീന്‍ കേരള കമ്പനിക്ക് നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശം പാലിക്കണം. വ്യവസായ പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കുമെന്നും പലിശയില്ലാതെ 10 ലക്ഷം നല്‍കാന്‍ ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read:  ഉത്തരാഖണ്ഡിനെ കേരളം സഹായിച്ചില്ലെന്ന കെ.സുരേന്ദ്രന്റെ വാദം തെറ്റ്; വിക്കീപീഡിയ എഡിറ്റ് ചെയ്തു: നാണംകെട്ട് സുരേന്ദ്രന്‍

വാഹന ഇന്‍ഷുറന്‍സ് ത്വരിതപ്പെടുത്തും. കൃഷി പുനരാരംഭിക്കാന്‍ സഹായം നല്‍കും. ദുരിതാശ്വാസത്തിന്റെ മറവില്‍ അനധികൃത പിരിവു അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഇതുവരെ 538 കോടി രൂപ ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more