ജിദ്ദ: സൗദിയുമായുള്ള ബന്ധമവസാനിപ്പിക്കാന്‍ യു.എ.ഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി ലബനീസ് പത്രമായ അല്‍ അഖ്ബറിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട്. ലബനനിലെ യു.എ.ഇ, ജോര്‍ദാന്‍ അംബാസഡര്‍മാര്‍ തങ്ങളുടെ സര്‍ക്കാരുകള്‍ക്കയച്ച നയതന്ത്ര രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ഇതിലൊന്ന് 2017 സെപ്റ്റംബര്‍ 20ലെ ലബനനിലെ ജോര്‍ദന്റെ അംബാസഡര്‍ നബില്‍ മസര്‍വയും കുവൈത്ത് അംബാസഡര്‍ അബ്ദുല്‍ അല്‍ ഖനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ്.
സൗദിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മുഹമ്മദ് ബിന്‍ സായിദ് നീക്കം നടത്തുന്നതായി കുവൈത്ത് അംബാസഡര്‍ പറഞ്ഞെന്ന് ജോര്‍ദാന്‍ നയതന്ത്ര പ്രതിനിധി പറയുന്നു.
രണ്ടാമത്തെ രേഖ (സെപ്റ്റംബര്‍ 28, 2017) ജോര്‍ദാന്‍ അംബാസഡറും യു.എ.ഇ അംബാസഡറായ ഹമാദ് ബിന്‍ സഈദ് അല്‍-ഷംസിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ മിനുട്ട്‌സ് ആണ്.
ഇതില്‍ ജോര്‍ദാന്‍ പ്രതിനിധി തന്റെ സര്‍ക്കാരിനെ അറിയിക്കുന്നത്. മേഖലയിലും വിദേശത്തും സൗദിയുടെ നയങ്ങള്‍ പരാജയമാണെന്ന് യു.എ.ഇ വിശ്വസിക്കുന്നുവെന്നും ലബനന്‍ വിഷത്തിലടക്കം സൗദി നയങ്ങളില്‍ യു.എ.ഇ നിരാശരാണെന്നും ജോര്‍ദാന്‍ അംബാസഡര്‍ പറയുന്നു.
ഖത്തര്‍ വോട്ട്
2017ല്‍ യുനെസ്‌കോ തലവന്‍ സ്ഥാനത്തേക്ക് ഖത്തറിന്റെ ഹമാദ് ബിന്‍ അബ്ദുല്‍ അസീസിനാണ് ലബനന്‍ വോട്ടു ചെയ്തതെന്ന് യു.എ.ഇ അംബാസഡര്‍ പറയുന്നു. ലബനന്‍ പ്രധാനമന്ത്രി സഅദ് ഹരീരിക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും യു.എ.ഇ അംബാസഡര്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.