ദുബായ്: യു.എ.ഇയുടെ പുതിയ പൗരത്വനിയമം സ്വാഗതം ചെയ്ത് പ്രവാസികള്‍. അനേകം പ്രവാസികള്‍ക്ക് പുതിയ പൗരത്വ നിയമം ഗുണം ചെയ്യുമെന്നത് കൊണ്ട് തന്നെ കാനഡയിലേക്കും, ഓസ്‌ട്രേലിയയിലേക്കും മൈഗ്രേറ്റ് ചെയ്യുന്നവരെ യു.എ.ഇയില്‍ തന്നെ നിലനിര്‍ത്താന്‍ പുതിയ നിയമം സഹായകമാകുമെന്നാണ് നിരീക്ഷണങ്ങള്‍.
” യു.എ.ഇയില്‍ ജോലി നോക്കുന്ന നിരവധി പേര്‍ കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും മൈഗ്രഷന്‍ വിസ നോക്കുന്നവരുണ്ട്. അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ യു.എ.ഇയില്‍ തന്നെ തുടരാനാണ് താത്പര്യം. അവര്‍ ഇവിടെ സന്തുഷ്ടരുമാണ്. ജോലി നഷ്ടമാകുമോ എന്ന ഭയത്തില്‍ മാത്രമാണ് അവര്‍ പുറത്തേക്ക് പോകാന്‍ നോക്കുന്നത്.
അങ്ങിനെയൊരു സാഹചര്യം വന്നാല്‍ അവര്‍ക്ക് തിരിച്ച് പോകുകയല്ലാതെ മറ്റുവഴികള്‍ ഇല്ലെന്നാകും. പുതിയ പൗരത്വ നിയമം വന്നാല്‍ അങ്ങിനെയൊരു പ്രശ്‌നം വരുന്നില്ല,” മുതിര്‍ന്ന ഇമ്മിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായ അബ്ബാസി മൊസ്‌വി പറഞ്ഞു.
വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള തീരുമാന പ്രകാരമാണ്.
ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക സ്ഥിരത ഉറപ്പാക്കാനും യു.എ.ഇ ലക്ഷ്യമിടുന്നു. മൊത്തത്തിലുള്ള ദേശീയ വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍-നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
പൗരത്വം ലഭിക്കുന്നതിന് പ്രത്യേക നിബന്ധനകളും ബാധകമാണ്. നേരത്തെയുള്ള പൗരത്വം നിലനിര്‍ത്തികൊണ്ട് തന്നെ യു.എ.ഇ പൗരത്വം സ്വീകരിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന വ്യവസ്ഥ. നേരത്തെ ഇരട്ട പൗരത്വം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.
സ്വന്തമായി യു.എ.ഇ.യില്‍ വസ്തുവകകള്‍ നിക്ഷേപകര്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. മെഡിക്കല്‍ ഡോക്ടര്‍മാരും വിദഗ്ധരായ പ്രൊഫണലുകളും യു.എ.ഇക്ക് ആവശ്യമായ പ്രത്യേക മേഖലകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം.
ഇതിനുപുറമേ ഇവര്‍ തങ്ങളുടെ മേഖലയില്‍ ശാസ്ത്രീയ മൂല്യമുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സംഭാവന നല്‍കിയവരുമാകണം. ഗവേഷണ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ശാസ്ത്രജ്ഞര്‍ക്ക് മാത്രമേ പൗരത്വം അനുവദിക്കുകയുള്ളൂ.