| Sunday, 20th August 2023, 7:56 am

ഇത് ചരിത്രം കണ്ട അട്ടിമറിയല്ല, പോരാടി നേടിയ ഐതിഹാസിക വിജയം; കിവികളെ ഞെട്ടിച്ച് യു.എ.ഇ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20യില്‍ എന്തും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വീണ്ടും വ്യക്തമാകുന്നതായിരുന്നു ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം. ന്യൂസിലാന്‍ഡ് – യു.എ.ഇ ടി-20 പരമ്പരയിലെ രണ്ടാം മത്സരം കണ്ടതോടെയാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം അമ്പരന്നത്. ടി-20യില്‍ ആരും സേഫല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ട മത്സരമായിരുന്നു അത്.

ചരിത്രത്തിലാദ്യമായി യു.എ.ഇ എന്ന കുഞ്ഞന്‍ ടീം ന്യൂസിലാന്‍ഡിനെ തോല്‍പിച്ചുവിട്ടപ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം കയ്യടിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ന്യൂസിലാന്‍ഡ് രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാം എന്നുറച്ചാണ് കളത്തിലിറങ്ങിയത്. എന്നാല്‍ അവരെ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യ മത്സരത്തില്‍ കിവികളുടെ നെടുംതൂണായ ടിം സീഫെര്‍ട്ടിനെ ഒറ്റയക്കത്തിന് പുറത്താക്കിയ യു.എ.ഇ പിന്നാലെയെത്തിയ മിച്ചല്‍ സാന്റ്‌നറിനെ ഒരു റണ്‍സിനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെയ്ന്‍ ക്ലെവറിനെ ഗോള്‍ഡന്‍ ഡക്കായും മടക്കി.

എന്നാല്‍ അഞ്ചാം നമ്പറില്‍ മാര്‍ക് ചാപ്മാന്‍ നടത്തിയ ചെറുത്തുനില്‍പ് കിവകളെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റി. മൂന്ന് വീതം സിക്‌സറുകളും ബൗണ്ടറികളുമായി 46 പന്തില്‍ നിന്നും 63 റണ്‍സാണ് ചാപ്മാന്‍ നേടിയത്.

17 പന്തില്‍ 21 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയും 21 പന്തില്‍ 21 റണ്‍സ് നേടിയ ചാഡ് ബൗസുമാണ് ഇരട്ടയക്കം കണ്ട മറ്റ് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്.

യു.എ.ഇക്കായി പന്തെറിഞ്ഞവരില്‍ ബേസില്‍ ഹമീദ് ഒഴികെ എല്ലാവരും വിക്കറ്റ് വീഴ്ത്തിയിരുന്നു. ആതിഥേയര്‍ക്കായി അയാന്‍ അഫ്‌സല്‍ ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ജവാദ് ഉല്ലാഹ് രണ്ട് വിക്കറ്റും നേടി. അലി നസീര്‍, സഹൂര്‍ ഖാന്‍, മുഹമ്മദ് ഫസറുദ്ദീന്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയെ ആദ്യ ഓവറില്‍ തന്നെ കിവികള്‍ ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തില്‍ യു.എ.ഇ ഇന്നിങ്‌സിന്റെ നെടുതൂണായി നിന്ന് അര്‍ധ സെഞ്ച്വറി കുറിച്ച ആര്യാന്‍ഷ് ശര്‍മയെ ബ്രോണ്‍സ് ഡക്കാക്കി ക്യാപ്റ്റന്‍ ടിം സൗത്തി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ശര്‍മയെ ജിമ്മി നീഷമിന്റെ കൈകളിലെത്തിച്ചാണ് സൗത്തി പുറത്താക്കിയത്.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയതിന്റെ വാശി തീര്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെ മറികടക്കാനുള്ള മൂര്‍ച്ച സൗത്തിയുടെ പന്തിനുണ്ടായിരുന്നില്ല. 29 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം 55 റണ്‍സാണ് ക്യാപ്റ്റന്‍ ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ വൃത്യ അരവിന്ദ് 21 പന്തില്‍ 25 റണ്‍സ് നേടി പുറത്തായിരുന്നു.

വൃത്യ പുറത്തായതിന് പിന്നാലെയെത്തിയ നാലാമന്‍ ആസിഫ് ഖാനും തകര്‍ത്തടിച്ചു. 29 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

ഒടുവില്‍ 26 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കെ യു.എ.ഇ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും യു.എ.ഇക്കായി. ഞായറാഴ്ചയാണ് സീരീസ് ഡിസൈഡര്‍ മത്സരം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം തന്നെയാണ് വേദി.

Content Highlight: UAE beats New Zealand

We use cookies to give you the best possible experience. Learn more