അഫ്ഗാന്‍ വീണു; യു.എ.ഇക്ക് ചരിത്ര വിജയം
Cricket
അഫ്ഗാന്‍ വീണു; യു.എ.ഇക്ക് ചരിത്ര വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st January 2024, 8:13 am

യു.എ.ഇ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യു.എ.ഇക്ക് ചരിത്രവിജയം. അഫ്ഗാനിസ്ഥാനെ 11 റണ്‍സിനാണ് യു.എ.ഇ തകര്‍ത്തത്.

യു.എ.ഇയുടെ ഹോം ഗ്രൗണ്ടായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്.

യു.എ.ഇയുടെ ബാറ്റിങ് നിരയില്‍ ആര്യന്‍ ലക്ര 47 പന്തില്‍ 63 റണ്‍സ് നേടി പുറത്താവാതെ മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ആര്യന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ലാക്രക്ക് പുറമേ നായകന്‍ മുഹമ്മദ് വസീമും മികച്ച പ്രകടനം നടത്തി. 32 പന്തില്‍ 53 റണ്‍സ് നേടിയായിരുന്നു വസീമിന്റെ മികച്ച പ്രകടനം.

അഫ്ഗാന്‍ ബൗളിങ് നിരയില്‍ ഖായിസ് അഹമ്മദ്, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 19.5 ഓവറില്‍ 155 റണ്‍സിന് പുറത്താക്കുകയായിരുന്നു. യു.എ.ഇ ബൗളിങ്ങില്‍ അലി നസീര്‍, മുഹമ്മദ് ജവാദുഉള്ളാ എന്നിവര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ യു.എ.ഇ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ മുഹമ്മദ് നബി 41 റണ്‍സും ഹസ്രത്തുള്ള സസായ് 36 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ജയത്തോടെ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ 1-1 എന്ന നിലയില്‍ സമനിലയിലെത്തിക്കാനും യു.എ.ഇക്ക് സാധിച്ചു. ജനുവരി രണ്ടിനാണ് പരമ്പരയിലെ അവസാനത്തെ മത്സരം നടക്കുക. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: UAE beat Afganisthan in Twenty Twenty.