| Tuesday, 14th June 2022, 7:55 am

സ്വവര്‍ഗാനുരാഗികളുടെ ചുംബനരംഗം; ലൈറ്റ് ഇയറിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ച് യു.എ.ഇ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുബൈ: തിയേറ്ററുകളില്‍ നിന്ന് പിക്‌സാറിന്റെ ആനിമേറ്റഡ് ഫീച്ചറായ ‘ലൈറ്റ് ഇയറി’ന് വിലക്കേര്‍പ്പെടുത്തി യു.എ.ഇ. ചിത്രത്തില്‍ സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ തമ്മിലുള്ള ചുംബനരംഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

മലേഷ്യയും ചിത്രം നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മറ്റ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ഇതേ നടപടി തുടരാനാണ് സാധ്യതയെന്നും യു.എ.ഇ വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന് ശേഷം പുറത്തെത്തുന്ന ലൈറ്റ് ഇയര്‍ ഡിസ്‌നിയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമാകുമെന്ന പ്രതീക്ഷകളും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ചിത്രം വിലക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

യു.എ.ഇ സാംസ്‌കാരിക യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലൈറ്റ് ഇയര്‍ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. രാജ്യത്തെ മീഡിയ കണ്ടന്റ് മാനദണ്ഡങ്ങള്‍ക്ക് എതിരായതിനാലാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങള്‍ എല്ലാം വിലയിരുത്തപ്പെടുന്നുണ്ടെന്നും കൃത്യമായ മൂല്യനിര്‍ണയത്തിന് ശേഷം മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവരാറുണ്ട്. ഇത്തരത്തില്‍ ലൈറ്റ് ഇയറിന്റെ പ്രദര്‍ശനവും പ്രഖ്യാപിച്ചതോടെ പ്രദര്‍ശനം തടയണം (#banshowinglightyearinemiratse) എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് വന്നതെന്ന് എല്‍.എ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യു.എ.ഇയില്‍ സ്വവര്‍ഗാനുരാഗം നിയമ പ്രകാരം കുറ്റമാണ്. യു.എ.ഇ ഇസ്‌ലാമിക, ശരീഅത്ത് നിയമപ്രകാരം സ്വവര്‍ഗാനുരാഗികള്‍ക്ക് വധശിക്ഷ വരെ നല്‍കാം.

Content Highlight: UAE bans pixar’s light year claiming it has intimate scenes of lesbians

We use cookies to give you the best possible experience. Learn more