| Sunday, 20th December 2020, 10:59 pm

വിസ നിരോധനം സ്ഥിരമല്ലെന്ന് യു.എ.ഇ ഉറപ്പു നൽകിയിട്ടുണ്ടെന്ന് പാകിസ്ഥാൻ; കച്ചിതുരുമ്പ് തേടി ഇമ്രാൻ ഖാൻ സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാകിസ്ഥാൻ: പാകിസ്ഥാൻ പൗരന്മാർക്ക് ‌ വിസ നിരോധനം ഏർപ്പെടുത്തിയത് താത്ക്കാലികം മാത്രമാണെന്ന് യു.എ.ഇ ഉറപ്പു നൽകിയിട്ടുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം. കൊവിഡ് മഹാമാരി കാരണം മാത്രമാണ് പാക് പൗരന്മാർക്ക് നിലവിൽ വിസ അനുവദിക്കാത്തത് എന്ന് യു.എ.ഇ വ്യക്തമാക്കിയെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

പാകിസ്ഥാന്റെ 15 ലക്ഷത്തോളം വരുന്ന പൗരന്മാർ യു.എ.ഇയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നവരാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാൻ പറഞ്ഞുവെന്നും പാക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പാക് പൗരന്മാർക്ക് വിസ നിരോധനം ഏർപ്പെടുത്തിയ യു.എ.ഇയുടെ നടപടിയുൾപ്പെടെ ചർച്ച ചെയ്യാൻ പാകിസ്ഥാന്റെ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി യു.എ.ഇ സന്ദർശിച്ചതിന് പിന്നാലെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി കൊണ്ട് പാകിസ്ഥാൻ പ്രസ്താവന പുറത്തിറക്കുന്നത്.

നവംബർ 18നാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ഉൾപ്പെടെയുള്ള 13  രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് യു.എ.ഇ പുതുതായി വിസ അനുവദിക്കുന്നത് നിർത്തിയത്.

അഫ്​ഗാനിസ്ഥാൻ, അൽജീരിയ, ഇറാൻ, ഇറാഖ്, കെനിയ, ലെബനൻ, ലിബിയ, സൊമാലിയ, സിറിയ, ടുണീഷ്യ, തുർക്കി, യെമൻ  എന്നീ രാജ്യങ്ങൾക്കാണ് പാകിസ്ഥാന് പുറമെ യു.എ.ഇ വിസ നിയന്ത്രണം ഏർപ്പെടുത്തിയത്.

യു.എ.ഇയിൽ ലക്ഷക്കണക്കിന് പാക് പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. പുതുതായി വിസ അനുവദിക്കുന്നതിന് യുഎ.ഇ വിലക്കേർപ്പെടുത്തിയത് പാകിസ്ഥാനിൽ വലിയ പ്രതിസന്ധി തീർത്തിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിൽ പ്രതിഷേധം ശക്തമാകവേ യു.എ.ഇ വിസ നിയന്ത്രണത്തിൽ പരിഹാരം കാണുന്നത്  നിലവിലത്തെ പാക് സർക്കാരിന് നിർണായകമാണ്.

അതേസമയം അനുദിനം പാക്-സൗദി ബന്ധം വഷളാകുന്നത് സർക്കാരിന് വലിയ പ്രതിസന്ധിയാണ് തീർക്കുന്നത്. സൗദി അറേബ്യ സോഫ്റ്റ് ലോൺ  ഉൾപ്പെടെ തിരികെ അടക്കാൻ പാകിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുകയാണ്.

പാകിസ്ഥാന്റെ സാമ്പത്തിക മേഖലയിലും നിർണായകമാണ് യു.എ.ഇയിൽ നിന്നുള്ള പ്രവാസികൾ.അതുകൊണ്ട് തന്നെ വിസ നിയന്ത്രണങ്ങൾ യു.എ.ഇ കടുപ്പിച്ചത് പാക് സർക്കാരിനെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു. താത്ക്കാലികം മാത്രമാണ് വിസ  വിലക്കെന്ന യു.എ.ഇയുടെ ഉറപ്പ് ഇമ്രാൻ ഖാൻ സർക്കാരിന് വലിയ ആശ്വാസമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UAE assured visa ban ‘temporary’ to check COVID, says Pakistan

We use cookies to give you the best possible experience. Learn more