| Monday, 18th July 2022, 9:41 am

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഖഷോഗ്ജിയുടെ അഭിഭാഷകനായിരുന്ന യു.എസ് പൗരനെ അറസ്റ്റ് ചെയ്ത് യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: അന്തരിച്ച സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകന് ജമാല്‍ ഖഷോഗ്ജിയുടെ അഭിഭാഷകനായിരുന്നയാളെ യു.എ.ഇ അധികൃതര്‍ അറസ്റ്റ് ചെയ്തു.

അമേരിക്കന്‍ പൗരനും സിവില്‍ റൈറ്റ്‌സ് അഭിഭാഷകനുമായ അസിം ഗഫൂറിനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യു.എ.ഇ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം യു.എ.ഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ ശനിയാഴ്ച റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്, ഇക്കഴിഞ്ഞ ജൂലൈ 14ന് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിനിടെയാണ് അസിം ഗഫൂറിനെ അറസ്റ്റ് ചെയ്തത്.

കുടുംബത്തിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് പോകുന്നതിനിടെയാണ് ഗഫൂറിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ബോര്‍ഡ് മെമ്പര്‍ കൂടിയായ ഡെമോക്രസി ഫോര്‍ ദ അറബ് വേള്‍ഡ് നൗ (Democracy for the Arab World Now- DAWN) സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തനിക്കെതിരെ ഇങ്ങനെയൊരു കേസ് നിലവിലുണ്ടായിരുന്നതായി ഗഫൂറിന് അറിയില്ലായിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അസിം ഗഫൂറിന്റെ അറസ്റ്റിനെക്കുറിച്ച് അറിഞ്ഞെന്ന് യു.എസിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ ശനിയാഴ്ച അറിയിച്ചു. എന്നാല്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയില്‍ വെച്ച് നടന്ന അറബ് ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ യു.എ.ഇ പ്രസിഡന്റിനോട് ഈ വിഷയം ഉന്നയിക്കുമോ എന്ന് പറയാനാവില്ല എന്നും യു.എസ് അധികൃതര്‍ പറഞ്ഞു.

”ഖഷോഗ്ജി കേസുമായി ഈ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് പറയാനാവില്ല,” യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശനിയാഴ്ച തന്നെയായിരുന്നു ബൈഡന്റെ സൗദി സന്ദര്‍ശനത്തിന്റെ അവസാന ദിവസവും.

അതേസമയം, ഖഷോഗ്ജി വധം സൗദി സന്ദര്‍ശനത്തിനിടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് ഉന്നയിച്ചെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബൈഡന്റെ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ട് സൗദി സര്‍ക്കാര്‍ പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.

കൂടിക്കാഴ്ചക്കിടെ ബൈഡന്‍ ഖഷോഗ്ജിയുട കൊലപാതകത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍, ‘സംഭവിച്ചത് ഖേദകരമാണ്, അത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്, ഇത്തരം സംഭവങ്ങള്‍ ലോകത്ത് എവിടെ വേണമെങ്കിലും നടക്കാം, എന്നാണ് എം.ബി.എസ് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഖഷോഗ്ജി വിഷയം ഉന്നയിച്ചതിലൂടെ യു.എസിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടത് എന്ന് ചില സൗദി ഉദ്യോഗസ്ഥരും പ്രതികരിച്ചിരുന്നു.

‘യു.എസിന്റെ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് നിലപാടുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു എം.ബി.എസ് വിഷയത്തില്‍ ബൈഡനോട് പ്രതികരിച്ചത്. സൗദി പൗരനായ ഖഷോഗ്ജിയുടെ വധത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്ന യു.എസ് ഫലസ്തീന്‍- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ ഷിറീന്‍ അബു അഖ്ലേയെ ഇസ്രഈല്‍ സൈന്യം വെടിവെച്ച് കൊന്ന സംഭവത്തെ കുറച്ചുകാണാനാണ് ശ്രമിക്കുന്നത്,” എന്നായിരുന്നു സൗദി അനലിസ്റ്റായ അലി ഷിഹാബി പറഞ്ഞത്.

2018ലായിരുന്നു തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ മൃതശരീരം ഇതുവരെ ലഭിച്ചിട്ടില്ല.

സൗദി സര്‍ക്കാരിന്റെയും മുഹമ്മദ് ബിന്‍ സല്‍മാന്റെയും കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു ഖഷോഗ്ജി.

ഖഷോഗ്ജിയെ കൊല്ലാനുള്ള ഓപ്പറേഷന് എം.ബി.എസാണ് ഉത്തരവിട്ടതെന്ന് നേരത്തെ യു.എസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ സൗദി സര്‍ക്കാരും എം.ബി.സും ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

Content Highlight: UAE arrested Jamal Khashoggi’s former lawyer, US citizen on money laundering charges

Latest Stories

We use cookies to give you the best possible experience. Learn more