|

ബിസിനസുകള്‍ക്ക് മേല്‍ കോര്‍പറേഷന്‍ നികുതി ഈടാക്കാനൊരുങ്ങി യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: ബിസിനസുകള്‍ക്ക് പുതിയ കോര്‍പറേഷന്‍ നികുതി സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി യു.എ.ഇ. 2023 ജൂണില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം മുതലായിരിക്കും ഒമ്പത് ശതമാനം കോര്‍പറേഷന്‍ നികുതി ചുമത്തുക.

അറബ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

3,75,000 ദിര്‍ഹത്തിന് മുകളില്‍ ലാഭം വരുന്ന ബിസിനസുകള്‍ക്കായിരിക്കും നികുതി ബാധകമാവുക.

”പുതുമയിലും നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമെന്ന നിലയില്‍, പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും ബിസിനസുകളെ വളരാന്‍ സഹായിക്കുന്നതില്‍ യു.എ.ഇ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്,” നികുതി കാര്യം പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇയുടെ ധനമന്ത്രാലയം അണ്ടര്‍സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി പറഞ്ഞു.

വിദേശ ബാങ്കുകളുടെ യു.എ.ഇയിലെ ശാഖകള്‍ക്ക് മേല്‍ 20 ശതമാനം നികുതി ഈടാക്കാനും തീരുമാനമായിട്ടുണ്ട്.

2018ല്‍ മിക്കവാറും ഗുഡ്‌സ് ആന്‍ഡ് സര്‍വീസുകള്‍ക്കും മേല്‍ സ്റ്റാന്‍ഡേര്‍ഡ് റേറ്റ് ആയി അഞ്ച് ശതമാനം നികുതി യു.എ.ഇ ഏര്‍പ്പെടുത്തിയിരുന്നു.

യു.എ.ഇ കൂടെ കോര്‍പറേഷന്‍ നികുതി ഈടാക്കാന്‍ ആരംഭിക്കുന്നതോടെ ആറ് ജി.സി.സി രാജ്യങ്ങളിലും കോര്‍പറേഷന്‍ നികുതി നിലവില്‍ വരും.

ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോര്‍പറേഷന്‍ നികുതി ഈടാക്കുന്ന രാജ്യം സൗദി അറേബ്യയാണ്. 20 ശതമാനം നികുതിയാണ് സൗദി ഈടാക്കുന്നത്. ഒമാനിലും കുവൈത്തിലും ഇത് 15 ശതമാനമാണ്.

ഖത്തര്‍ 10 ശതമാനം കോര്‍പറേറ്റ് നികുതിയാണ് ചുമത്തുന്നത്.


Content Highlight: UAE announces new nine percent corporation tax from June 2023