| Saturday, 30th January 2021, 4:41 pm

പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ; ലഭിക്കുക ഈ മേഖലയിലെ പ്രവാസികള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള തീരുമാന പ്രകാരമാണ്.

ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക സ്ഥിരത ഉറപ്പാക്കാനും യു.എ.ഇ ലക്ഷ്യമിടുന്നു. മൊത്തത്തിലുള്ള ദേശീയ വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍-നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

പൗരത്വം ലഭിക്കുന്നതിന് പ്രത്യേക നിബന്ധനകളും ബാധകമാണ്. നേരത്തെയുള്ള പൗരത്വം നിലനിര്‍ത്തികൊണ്ട് തന്നെ യു.എ.ഇ പൗരത്വം സ്വീകരിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന വ്യവസ്ഥ. നേരത്തെ ഇരട്ട പൗരത്വം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.

സ്വന്തമായി യു.എ.ഇ.യില്‍ വസ്തുവകകള്‍ നിക്ഷേപകര്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. മെഡിക്കല്‍ ഡോക്ടര്‍മാരും വിദഗ്ധരായ പ്രൊഫണലുകളും യു.എ.ഇക്ക് ആവശ്യമായ പ്രത്യേക മേഖലകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം.

ഇതിനുപുറമേ ഇവര്‍ തങ്ങളുടെ മേഖലയില്‍ ശാസ്ത്രീയ മൂല്യമുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സംഭാവന നല്‍കിയവരുമാകണം. ഗവേഷണ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ശാസ്ത്രജ്ഞര്‍ക്ക് മാത്രമേ പൗരത്വം അനുവദിക്കുകയുള്ളൂ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: UAE announces citizenship for expats

We use cookies to give you the best possible experience. Learn more