യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും
Kerala Flood
യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 2:02 pm

ന്യൂദല്‍ഹി: യു.എ.ഇ സ്ഥാനപതി കേരളത്തിലേക്ക്. അഹമ്മദ് അല്‍ ബന്നയാണ് കേരളത്തിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. സന്നദ്ധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും മുഹമ്മദ് അല്‍ ബന്ന കൂടിക്കാഴ്ച നടത്തും.

കേരളത്തിലെ വിവിധ പ്രളയബാധിത മേഖലകളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. അടുത്തയാഴ്ചയാവും അദ്ദേഹം കേരളത്തിലെത്തുക.

കേരളത്തിന് യു.എ.ഇ 700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത സംഭവം നേരത്തെ വലിയ വിവാദമായിരുന്നു. ചൊവ്വാഴ്ച മുഖ്യമന്ത്രിയാണ് യു.എ.ഇ.യുടെ സഹായവാഗ്ദാനം പത്രസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ കേരളത്തിലെ പ്രളയദുരന്തം നേരിടാന്‍ വിദേശസഹായം ആവശ്യമില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നു.

എന്നാല്‍ ഇതിന് പിന്നാലെ 700 കോടി രൂപ തങ്ങള്‍ ഔദ്യോഗികമായി വാഗ്ദാനം ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി യു.എ.ഇ. രംഗത്തെത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അല്‍ബന്നയായിരുന്നു ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ വെള്ളപ്പൊക്കം നേരിടുന്നതിന് ദുരിതാശ്വാസത്തിനായി ഒരു ദേശീയ അടിയന്തര സമിതിക്കു രൂപം കൊടുത്തിട്ടുണ്ടെന്നും വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട കേരളീയര്‍ക്ക് ദുരിതാശ്വാസമായി ഫണ്ട്, സഹായ സാധനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സഹായധനം സംബന്ധിച്ച് ഇന്ത്യയുടെ നിയമങ്ങളറിവുള്ളതിനാല്‍ ഫെഡറല്‍( കേന്ദ്രസര്‍ക്കാര്‍) അധികാരികളുമായി ഏകോപിച്ചു കൊണ്ടാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Dont Miss അര്‍ണബിനെ വിമര്‍ശിച്ച അജു വര്‍ഗീസിനെ രാജ്യദ്രോഹിയാക്കി സംഘപരിവാര്‍ സൈബര്‍ ആക്രമണം


700 കോടി രൂപ നല്‍കുമെന്ന് യു.എ.ഇ. പ്രഖ്യാപിച്ചിട്ടില്ലായെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് “”അതെ, അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല, തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല”” എന്നായിരുന്നു സ്ഥാനപതിയുടെ മറുപടി.

എന്നാല്‍, ഇക്കാര്യത്തില്‍ അവ്യക്തതയില്ലെന്നും യു.എ.ഇ. സാമ്പത്തികസഹായവാഗ്ദാനം നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ വെള്ളപ്പൊക്കം നേരിടുന്നതിന് ദുരിതാശ്വാസത്തിനായി ഒരു ദേശീയ അടിയന്തര സമിതിക്ക് യു.എ.ഇ രൂപം കൊടുത്തിരുന്നു. വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട കേരളീയര്‍ക്ക് ദുരിതാശ്വാസമായി ഫണ്ട്, സഹായ സാധനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം.