| Sunday, 11th October 2020, 9:47 pm

ധ്രുവീകരണം നടത്തുന്നു, ഗള്‍ഫ് താല്‍പ്പര്യങ്ങള്‍ക്കെതിര്, ഖത്തറിലെ തുര്‍ക്കി സൈന്യത്തിനെതിരെ യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഖത്തറിലുള്ള തുര്‍ക്കി സൈനിക സാന്നിധ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യു.എ.ഇ. ഗള്‍ഫ് മേഖലയിലെ ധ്രുവീകരണത്തിനാണ് ഈ സൈനിക സാന്നിധ്യം ഉപയോഗിക്കപ്പെടുന്നതെന്നു യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍നേഷ് പ്രതികരിച്ചു. ഒപ്പം തുര്‍ക്കി സൈന്യം മേഖലയില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ അറബ് ഗള്‍ഫിലെ തുര്‍ക്കി സൈനിക സാന്നിധ്യം ഒരു അടിയന്തരാവസ്ഥയാണ്. ഇത് മേഖലയിലെ ധ്രുവീകരണത്തിന് കാരണമാവുന്നു. രാജ്യങ്ങളുടെ പരമാധികാരം പരിഗണിക്കാതെയും ഗള്‍ഫിന്റെയും അവിടത്തെ ജനങ്ങളുടെയും താല്‍പര്യം കണക്കിലെടുക്കാതെയുമുള്ള ഇരു രാജ്യങ്ങളുടെയും ഭരണവര്‍ഗത്തിന്റെയും തീരുമാനമാണിത്. അതിനാല്‍ ഞങ്ങളുടെ മേഖലയ്ക്ക് മുന്‍ കാലങ്ങളിലെ കൊളോണിയല്‍ ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്ന പ്രാദേശിക സൈന്യത്തെ ആവശ്യമില്ല,’ യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍നേഷ് ട്വീറ്റ് ചെയ്തു.

തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ ഖത്തര്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. തുര്‍ക്കി സൈനിക സാന്നിധ്യം മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കുമാണെന്ന് എര്‍ദൊഗാന്‍ പറഞ്ഞിരുന്നു.

2015 ലാണ് ഖത്തര്‍ തുര്‍ക്കിയുമായി സുരക്ഷാ കരാര്‍ ഒപ്പു വെക്കുന്നത്. 2017 ജൂണ്‍ മുതലാണ് ഖത്തറിലേക്ക് തുര്‍ക്കി സൈന്യത്തെ വിന്യസിക്കാന്‍ തുടങ്ങിയത്.

2017 ല്‍ യു.എ.ഇ-സൗദി- ഈജിപ്ത് സഖ്യം ഖത്തറിനു മേല്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ വിലക്ക് നീക്കുന്നതിനായി മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഒന്ന് തുര്‍ക്കിഷ് സൈന്യത്തെ പിന്‍വലിക്കുക എന്നതായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more